കൊട്ടാരക്കര: വനിതാ പോലീസ് സ്റ്റേഷനിൽ ഏറ്റുമുട്ടിയ എസ്ഐമാരിൽ ഒരാൾക്ക് പരിക്കേറ്റു. പൊതു ജനസമക്ഷമായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം.
വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്തെന്ന് പറയുന്നു. വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നു തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ചുമതലയേക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ, ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ അവർ വിസമ്മതിച്ചു. രാവിലെ മുതൽ തർക്കങ്ങൾ തുടങ്ങിയിരുന്നു.
ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇതു ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ കൈയാങ്കളിയിലെത്തിയത്. പിടി വലിയിൽ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു.
കസേരയെച്ചൊല്ലി വനിതാ എസ്ഐമാർ തമ്മിലടിച്ചു; ഒരാൾക്കു പരിക്ക്
01:11 AM Aug 04, 2021 | Deepika.com