തിരുവനന്തപുരം: നിയമനിർമാണത്തിനു മാത്രമായി ഒക്ടോബർ-നവംബർ മാസങ്ങളിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നു സ്പീക്കറുടെ റൂളിംഗ്. എല്ലാ ഓർഡിനൻസുകൾക്കും പകരമുള്ള നിയമങ്ങൾ പാസാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണം.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട മന്ത്രിമാരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഓർഡിനൻസുകൾ ആവർത്തിച്ച് പുറപ്പെടുവിക്കുന്നതിനെതിരേ ചട്ടം 303 പ്രകാരം അനൂപ് ജേക്കബ് ഉന്നയിച്ച ക്രമപ്രശ്നത്തിനുള്ള റൂളിംഗിൽ സ്പീക്കർ വ്യക്തമാക്കി. നിയമസഭ ചർച്ച ചെയ്തു പാസാക്കേണ്ട നിയമങ്ങൾക്കു വിഭിന്നമായി ഓർഡിനൻസിലൂടെ നിയമങ്ങൾ നിർമിക്കുകയും കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അവ പുനർവിജ്ഞാപനം ചെയ്തു പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്ന പ്രവണതയെയാണ് അനൂപ് ജേക്കബ് ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തത്.
അഞ്ചു തവണ വരെ ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്ത അവസരമുണ്ടായിട്ടുണ്ട്. ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന 44 ഓർഡിനൻസുകളും സഭയുടെ ഈ സമ്മേളനം അവസാനിക്കുന്നതോടെ പുനർവിജ്ഞാപനം ചെയ്യേണ്ടിവരും.
ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം
01:15 AM Aug 03, 2021 | Deepika.com