കൊച്ചി: രാജ്യത്ത് എംടിപി നിയമം നടപ്പാക്കിയതിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഓഗസ്റ്റ് 10നു കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുമെന്നു കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി അറിയിച്ചു.
ഇന്നുമുതല്‍ 15 വരെ പ്രാര്ഥനാദിനങ്ങളായിരിക്കും. രൂപതകള്‍ എട്ടു മുതല്‍ പ്രാര്‍ഥനാവാരം ആചരിക്കും. രൂപത, ഫൊറോന, ഇടവക തലങ്ങളില്‍ ഭ്രൂണഹത്യക്കെതിരേ വിവിധ പരിപാടികള്‍ നടത്തും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യും. ജീവന്, കുടുംബം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പുസ്തകങ്ങളും വ്യാപകമാക്കും. വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി പദ്ധതി ഇടവക, രൂപതാ തലങ്ങളില്‍ തുടരും. വിവിധ വിഭാഗം ജനങ്ങള്‍ക്കായി പ്രോലൈഫ് വെബിനാര്‍ നടത്തും. സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി ‘ജീവസമൃദ്ധി’ എന്ന പേരില്‍ ഒരു മ്യൂസിക്കല്‍ ആല്‍ബം തയാറാക്കും. ‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ മുഖ്യസന്ദേശം.
ജീവന്റെ സംരക്ഷണ ദിനാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി കുടുംബപ്രേഷിത വിഭാഗത്തിന്റെയും പ്രോലൈഫ് സമിതിയുടെയും ചെയര്‍മാനായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്മാന്മാരായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി, പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കേരളസഭയിലെ 32 രൂപതകളിലെയും കുടുംബ പ്രേഷിതത്വ വിഭാഗമാണ് പ്രോലൈഫ് സമിതികളുടെ സഹകരണത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നത്.
കേരള സഭയില്‍ ജീവന്റെ സംരക്ഷണ ദിനാചരണം 10ന്
11:30 PM Aug 02, 2021 | Deepika.com