കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള ആറു മാസം പ്രായമുള്ള കുഞ്ഞിന് കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളായ എ. പി. മുഹമ്മദ് ഫതാഹുദ്ദിന്റെയും കെ. സി. സറീനയുടെയും മകള്‍ ഫാത്തിമ ഫില്‍സയാണ് കൊച്ചി വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലില്‍ വിജയകരമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നേടിയത്. ഉമ്മ സറീനയാണ് കരള്‍ ദാനം ചെയ്തത്.
ജന്മനാ ഉണ്ടായിരുന്ന കരള്‍രോഗം കുഞ്ഞുഫാത്തിമയുടെ ജീവനു ഭീഷണിയായതോടെ എത്രയും നേരത്തേ കരള്‍ മാറ്റിവയ്ക്കുക മാത്രമായിരുന്നു പോംവഴി. കേരളത്തില്‍ കരള്‍ മാറ്റിവയ്ക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലൊരാളാണ് ഫാത്തിമയെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ വിഭാഗം ചീഫ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്ജന് ഡോ. അഭിഷേക് യാദവ് പറഞ്ഞു. ഇത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളിലെ കരള്‍മാറ്റ ശസ്ത്രക്രിയ ഏറെ വിഷമകരമാണെന്ന് ഡോ. അഭിഷേക് യാദവ് പറഞ്ഞു.
കുഞ്ഞുകരളിലേക്ക് രക്തമെത്തിക്കുന്ന തീരെ ച്ചെറുതും പൂര്ണവളര്ച്ചയെത്താത്തതുമായ രക്തക്കുഴലാണ് (പോര്‍ടല്‍ വെയിന്‍) ഏറ്റവും വലിയ വെല്ലുവിളി. ശസ്ത്രക്രിയയെത്തുടര്‍ന്ന് ആശുപത്രി വിട്ട അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോ. യാദവ് പറഞ്ഞു. ഡോ. അഭിഷേക് യാദവിനൊപ്പം ഡോ. നവനീതന് സുബ്രഹ്മണ്യന്, ഡോ. ഫദല്‍ വീരാന്‍കുട്ടി, ഡോ. ധാരാവ് ഖെരാഡിയ, ഡോ. നിത ജോര്‍ജ് എന്നിവരടക്കം 25ഓളം ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കോ-ഓര്‍ഡിനേറ്റര്‍ സയ്യദ് മുഹമ്മദ് അബ്ദുള്‍ വഹാബ് എന്നിവരുള്‍പ്പെട്ട ടീമാണ് ഫാത്തിമയ്ക്കു ചികിത്സാസേവനങ്ങള്‍ നല്‍കിയത്.
ലക്ഷദ്വീപില്‍നിന്നുള്ള കുഞ്ഞിന് കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍
01:32 AM Aug 02, 2021 | Deepika.com