തിരുവനന്തപുരം: കോവിഡ് 19 രോഗസംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
രണ്ടാം തരംഗത്തില്നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്.
വാക്സിനേഷന് ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിനുമുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്കി പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്സിന് എത്തുന്നതുവരെ മാസ്കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണ്. വാക്സിന് എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഓക്സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോക യോഗം ചേര്‍ന്നു. മൂന്നാം തരംഗമുണ്ടായാല്‍ ഓക്സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍ ഓഗസ്റ്റില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രി മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നിര്‍ദേശം നല്കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്സിജന്‍ അധികമായി നിര്‍മിക്കാന്‍ സാധിക്കും.
സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന 38 ഓക്സിജന്‍ ജനറേഷന് യൂണിറ്റുകളുടെ പുരോഗതിയും യോഗം വിലയിരുത്തി.
കോവിഡ്: അതീവ ജാഗ്രത വേണമെന്നു മന്ത്രി വീണാ ജോർജ്
12:34 AM Aug 01, 2021 | Deepika.com