തിരുവനന്തപുരം: രണ്ടാം കോവിഡ് തരംഗം സംസ്ഥാനത്തിന്റെ വ്യാപാര- വ്യവസായ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 5680 കോടി രൂപയുടെ പാക്കേജ്. ഇതിൽ 2,000 കോടി രൂപ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയുടെ പലിശ ഇളവിനും സബ്സിഡിക്കും ചെലവഴിക്കും. വ്യാപാരി-വ്യവസായ മേഖലയിൽ രണ്ടു ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് നാല് ശതമാനം സർക്കാർ പലിശ സബ്സിഡിയാണ് പാക്കേജിൽ പ്രധാനമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള കെട്ടിടങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളുടെ വാടക ആറു മാസത്തേക്ക് ഇളവു ചെയ്യും. ചെറുകിട- വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ (എംഎസ്എംഇ) കെട്ടിട നികുതി ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കും. ഈ സ്ഥാപനങ്ങൾക്ക് ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ഫിക്സഡ് ചാർജും സർക്കാർ വാടകയും ഒഴിവാക്കും. സ്വകാര്യ കെട്ടിട ഉടമകളും കുറച്ചു കാലത്തേക്കെങ്കിലും കട വാടക ഇളവു നൽകണമെന്നും മന്ത്രി നിർദേശിച്ചു.
കോവിഡ് രണ്ടാംതരംഗത്തെ തുടർന്നുള്ള ലോക്ഡൗണും മറ്റു നടപടികളും സംസ്ഥാനത്തിന്റെ സന്പദ്ഘടനയെ ബാധിച്ച സാഹചര്യത്തിലാണു നടപടി. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ള ഒരു ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്ന് എടുക്കുന്ന രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാലു ശതമാനം വരെ സംസ്ഥാന സർക്കാർ ആറുമാസത്തേക്കു വഹിക്കും. ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത്. ഓഗസ്റ്റ് ഒന്നു മുതൽ എടുക്കുന്ന വായ്പകൾക്ക് ഈ പലിശയിളവ് ബാധകമാക്കും.
കെഎസ്എഫ്ഇ പിഴപ്പലിശ ഒഴിവാക്കും
2021 ജനുവരി 20 മുതൽ തിരിച്ചടവു മുടങ്ങിയ കെഎസ്എഫ്ഇയുടെ എല്ലാ ലോണുകളുടെയും പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കി നൽകും. ചിട്ടി കുടിശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്റ്റംബർ 30 വരെയുള്ള 50 മുതൽ 100 വരെ ശതമാനം പലിശയും പിഴപ്പലിശയും ഒഴിവാക്കും.
2021 മുതൽ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കും. 2021 സെപ്റ്റംബർ വരെ ചിട്ടിപിടിച്ച ചിറ്റാളന്മാർക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല. കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് അഞ്ചു ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപ വരെ നൽകുന്ന ലോണിന്റെ കാലാവധിയും സെപ്റ്റംബർ 30 വരെ നീട്ടി.
കോവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാന പാക്കേജ് 5650 കോടി
02:05 AM Jul 31, 2021 | Deepika.com