കോതമംഗലം: ഡെന്റൽ ഡോക്ടറായ യുവതിയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി യുവാവ് വെടിവച്ചു കൊന്നു. സ്ഥലത്തുതന്നെ സ്വയം വെടിവച്ച് അക്രമി ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാംമൈല്‍ പാര്‍വണം വീട്ടിൽ പി.വി. മാനസ (24) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍നിവാസിൽ രാഖില്‍ പി. രഘൂത്തമന് (31) ആണ് കൊല നടത്തിയശേഷം ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് ഡെന്റൽ കോളജിനു സമീപം കാപ്പ്ചാലില് യൂസഫിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം മാനസ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമിയെത്തിയത്. വന്നയുടൻ യുവതിയെ തൊട്ടടുത്ത മുറിയിലേക്കു ബലമായി കൊണ്ടുപോയി വാതിലടച്ചശേഷം കൈയില്‍ കരുതിയ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. മാനസയുടെ തലയിലും നെഞ്ചിലും വെടിയേറ്റു. രാഖില്‍ സ്വയം തലയ്ക്കാണ് വെടിവച്ചത്.
വെടിയൊച്ചയും കരച്ചിലും കേട്ടു താഴത്തെനിലയില്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഉടമയും സമീപവാസികളും ഓടിയെത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ ഇരുവരും രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. ജീവനുണ്ടെന്നു തോന്നിയതിനാല്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയില്‍.
ഇന്ദിരാഗാന്ധി കോളജില്‍ ബിഡിഎസ് പഠനത്തിനുശേഷം ഇവിടെത്തന്നെ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മാനസ. വാടകക്കെട്ടിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം മാനസ താമസമാക്കിയിട്ട് ഒരു വര്‍ഷമായി. കഴിഞ്ഞ നാലിന് സ്ഥലത്തെത്തിയ രാഖില്‍ ഇതിനു100 മീറ്റര്‍ മാറി മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. കൊല നടത്താനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാൾ കണ്ണൂരിൽനിന്ന് എത്തിയതെന്നാണു സൂചന.
മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരി പോലീസില്‍ നേരത്തേ രാഖിലിനെതിരേ മാനസയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്നു രാഖിൽ ഉറപ്പുനൽകിയതിനാൽ കേസെടുക്കാതെ ഒത്തുതീർപ്പാക്കിയിരുന്നതായി പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് രാഖിലിന് എവിടെനിന്നാണ് ലഭിച്ചതെന്നു വ്യക്തമായിട്ടില്ല. ഇതു കണ്ടെത്താൻ എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. തോക്ക് ബാലസ്റ്റിക് വിദഗ്ധർ ഇന്നു പരിശോധിക്കും. രാഖിലിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.
കോതമംഗലത്ത് വനിതാ ഡെന്റൽ ഡോക്ടറെ യുവാവ് വെടിവച്ചുകൊന്നു
02:05 AM Jul 31, 2021 | Deepika.com