കോഴിക്കോട്: റെയില്‍വേ പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. കല്ലായി ഗുഡ്സ് ഷെഡിലേക്കുള്ള റെയില്‍വേ ട്രാക്കിലാണ് ഐസ്ക്രീംബോളില് നിറച്ച നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്.
ചുമട്ടുതൊഴിലാളികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പന്നിയങ്കര പോലീസും ആര്‍പിഎഫും റെയില്‍വേ പോലീസും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഫോടക വസ്തുവിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പ്രാഥമികാന്വേഷണത്തില്‍ സമീപത്തുള്ള വീട്ടില്‍ വിവാഹം നടന്നിരുന്നതായും അവിടെ പടക്കങ്ങള്‍ ഉപയോഗിച്ചതായും പോലീസിനു വിവരം ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം വീടും പരിസരവും വിശദമായി പരിശോധിക്കുകയും ചൈനീസ് പടക്കങ്ങളും മറ്റും ഇവിടെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍ ഉപയോഗിച്ച പടക്കത്തിന്റെ ബാക്കി വെടിമരുന്നുകളാവാം ട്രാക്കില്‍ ഉപേക്ഷിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അനധികൃതമായി കൂടിയ അളവില്‍ പടക്കം സൂക്ഷിച്ചതിനു വീട്ടുകാര്‍ക്കെതിരേ സ്ഫോടവസ്തു നിരോധിത നിയമപ്രകാരം പന്നിയങ്കര പോലീസ് കേസെടുത്തു. കണ്ണൂരില്‍ നിന്നാണു പടക്കങ്ങള്‍ എത്തിച്ചതെന്നാണ് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയത്. ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം, ട്രാക്കിന് നടുവില്‍ സ്ഫോടകവസ്തു കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണ് പോലീസും കേന്ദ്ര-സംസ്ഥാന ഏജന്‍സികളും കാണുന്നത്. പരീക്ഷണാര്‍ഥം മറ്റാരെങ്കിലും ചെയ്തതാണോയെന്നും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് ശേഖരിക്കുന്നുണ്ട്. ഐസ്ക്രീംബോളില് സ്ഫോടകവസ്തു കാണപ്പെട്ടതിലും ദുരൂഹതകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പും കോഴിക്കോട് നഗരത്തില്‍ ഐസ്ക്രീംബോളില് സ്ഫോടകവസ്തു കണ്ടെത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ അന്നു ലഭിച്ചിരുന്നില്ല. സ്ഫോടക വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഇതിന്റെ വീര്യം സംബന്ധിച്ചും അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ സംബന്ധിച്ചും വ്യക്തത വരികയുള്ളൂ. ഫറോക്ക് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
കോഴിക്കോട്ട് റെയില്‍വേ ട്രാക്കില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി
02:05 AM Jul 31, 2021 | Deepika.com