തിരുവനന്തപുരം: തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ പുറത്തിറക്കുന്ന ഹോമോജിനൈസ്ഡ് ടോണ്‍ഡ് പാൽ 525 മില്ലി പുതിയ പായ്ക്കറ്റിന്റെ വിതരണോദ്ഘാടനം സംസ്ഥാന ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കൂടിയ ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.
നിലവിൽ ലഭ്യമായ മിൽമ ഹോമോജിനൈസ്ഡ് ടോണ്‍ഡ് മിൽക്കിന്റെ പായ്ക്കറ്റിൽ നിന്നും വ്യത്യസ്തമായി 25 രൂപ നിരക്കിൽ 525 മില്ലി പാൽ ഉൾക്കൊളളുന്ന പുതിയ പായ്ക്ക് ഓഗസ്റ്റ് ഒന്നോടെ വിപണിയിൽ ലഭ്യമാകും. മിൽമ ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനായി കൂടുതൽ കെഎസ്ആർടിസി ബസുകൾ മിൽമയ്ക്ക് വിട്ടു നൽകുമെന്ന് ആന്റണി രാജു പറഞ്ഞു.
മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനർ എൻ. ഭാസുരാംഗൻ, അംഗങ്ങളായ വി.എസ്. പത്മകുമാർ, കെ.ആർ. മോഹനൻ പിളള, ക്ഷീരവികസന ജോയിന്റ് ഡയറക്ടർ സി. സുജയകുമാർ, മാനേജിംഗ് ഡയറക്ടർ ആർ. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാഴാക്കികളയാതെ മിൽമകവറുകൾ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റി സോഷ്യൽ മീഡിയാ താരമായി മാറിയ ലീലാമ്മ മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.
മിൽമ പാൽ പുതിയ പായ്ക്കറ്റിൽ
01:32 AM Jul 31, 2021 | Deepika.com