പാലാ: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടി വിധിസംബന്ധിച്ച ശരി തെറ്റിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. കേരള നിയമസഭയിലുണ്ടായിരിക്കുന്ന സംഭവവികാസങ്ങളിൽ അംഗങ്ങൾ വിചാരണ നേരിടണമെന്നാണ് കോടതി വിധി വന്നിരിക്കുന്നത്. അതിന്റെ തുടർ നടപടികളെക്കുറിച്ചു മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും ജോസ് കെ. മാണി പറഞ്ഞു. ആ കേസുമായി ബന്ധപ്പെട്ട ചർച്ചകൾ പലവട്ടം നടത്തിയതാണ്.
സുപ്രീംകോടതി കൃത്യമായ നിരീക്ഷണം ഇപ്പോൾ നടത്തിയിട്ടുണ്ട്. എംഎൽഎമാർ വിചാരണ നേരിടണം എന്നതാണ് കോടതി നിരീക്ഷണം. അതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇനി നടക്കേണ്ടത്. വിധി തീർച്ചയായും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി സർക്കാർ മുന്നോട്ടുപോകും. അതാണ് ഇനി ചർച്ചയാകുന്നത്.
കേസിലെ പ്രതിയായ മന്ത്രിസ്ഥാനത്തുനിന്നു മാറി നിൽക്കണ്ടേയെന്ന ചോദ്യത്തിന്, "വിദ്യാഭ്യാസ മന്ത്രി അക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ടല്ലോ’ എന്ന് ജോസ്.കെ.മാണി പറഞ്ഞു. വിചാരണ നേരിടുമെന്നാണു മന്ത്രി പറഞ്ഞത്. അതു സ്വാഗതം ചെയ്യുന്നു. വിചാരണ വരട്ടെ അപ്പോൾ അഭിപ്രായം പറയാമെന്നും ജോസ് കെ. മാണി പറഞ്ഞു.
സുപ്രീംകോടതി വിധി; ഇപ്പോൾ പ്രതികരിക്കുന്നില്ല: ജോസ് കെ. മാണി
01:33 AM Jul 29, 2021 | Deepika.com