ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ സഭയ്ക്കു ജീവൻ പകരുന്ന ചൈതന്യമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അൽഫോൻസാമ്മയുടെ സ്വർഗപ്രാപ്തിയുടെ 75-ാം വാർഷികദിനത്തിൽ ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി. അൽഫോൻസാമ്മ സഭയ്ക്ക് സാക്ഷ്യവും പ്രതീകവുമാണ്. സഭയുടെ സൗഭാഗ്യമായ അൽഫോൻസാമ്മ അനേകർക്ക് വിശുദ്ധിയിലേക്കുള്ള വലിയ പ്രചോദനമാണ്.
ഏതു സഹനവും ദുഃഖവും മഹത്വീകരണത്തിനുള്ള മാർഗമാണെന്ന് ഈ വിശുദ്ധയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അൽഫോൻസാമ്മയെപോലെ ദൈവത്തിൽനിന്നും ശക്തി സ്വീകരിച്ച് വിശ്വാസം പരിപോഷിപ്പിച്ച് സത്യം കണ്ടെത്തി ലോകത്തിന്റെ സഹനങ്ങളെ ഉൾകൊള്ളണമെന്നും കർദിനാൾ ഉദ്ബോധിപ്പിച്ചു. ഫാ. ജോസഫ് നരിതൂക്കിൽ, ഫാ. ജോസഫ് തെരുവിൽ, ഫാ. ചെറിയാൻ മൂലയിൽ എന്നിവർ സഹകാർമികരായിരുന്നു. രാവിലെ 5.30ന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടം വിശുദ്ധ കുർബാന അർപ്പിച്ചു.
ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ഏബ്രഹാം തകടിയേൽ, ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, റവ.ഡോ. ജോസഫ് കുഴിഞ്ഞാലിൽ എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ജപമാലയോടെ തിരുനാൾ സമാപിച്ചു.
അൽഫോൻസാമ്മ സഭയ്ക്കു ജീവൻ പകരുന്ന ചൈതന്യം: കർദിനാൾ മാർ ആലഞ്ചേരി
11:51 PM Jul 28, 2021 | Deepika.com