പാലാ: 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ ഫ്രാൻസിസ് മാർപാപ്പ കുടുംബവർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി പാലാ രൂപത രൂപതയിലെ കുടുംബങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നു.
കുടുംബങ്ങൾ വലിയ സാന്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ക്ലേശകരമായ ദൗത്യങ്ങളാണ്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ആശ്വാസം നൽകുന്നതിന്റെ ഭാഗമായിട്ടാണ് രൂപത വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.
ക്ഷേമ പദ്ധതികൾ
* 2000ത്തിനുശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദന്പതികൾക്ക് അഞ്ചോ അതിൽ കൂടുതലോ കുട്ടികൾ ഉണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാന്പത്തികസഹാ യം 2021 ഓഗസ്റ്റ് മുതൽ പാലാ രൂപതയുടെ ഫാമിലി അപ്പേ സ്തലേറ്റ് വഴി ലഭിക്കും.
* പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദന്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപത വക ചേർപ്പുങ്കലിലുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന ലഭിക്കും.
* പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റലിലും പാലാ രൂപതാംഗങ്ങളായ ദന്പതികളുടെ നാലാമത്തേതും തുടർന്നുള്ള പ്രസവത്തിനായി അഡ്മിറ്റ് ആകുന്നതും മുതൽ ഡിസ്ചാർജ് ആകുന്നതുവരെയുള്ള ചെലവുകൾ സൗജന്യമായി നൽകും.
* ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്സിംഗ് കോളജിൽ കാലാകാലങ്ങളിൽ ഗവണ്മെന്റ് നിയമങ്ങൾക്കനുസൃതമായി പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ പാലാ രൂപതയിലെ കുടുംബങ്ങളിൽനിന്നുള്ള നാലാമതു മുതലുള്ള കുട്ടികളുടെ പഠന ച്ചെലവുകൾ സൗജന്യമായി നൽകും.
* പാലാ രൂപതയിലെ ഒരു കുടുംബത്തിലെ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ രൂപതയുടെ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലും ഹോട്ടൽ മാനേജ്മെന്റ് കോളജിലും അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസ് സൗജന്യമായിരിക്കും.
* 2000 വർഷം മുതൽ കുടുംബവർഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ അതിനുശേഷമോ ജനിക്കുന്ന കുട്ടികളിൽ സാന്പത്തിക വിഷമത അനുഭവിക്കുന്നവർക്ക് നിർദിഷ്ട യോഗ്യതകളും ഗവണ്മെന്റിന്റെ അതാതു സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നൽകും.
കുടുംബവർഷം: പാലാ രൂപത കുടുംബങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നു
02:21 AM Jul 28, 2021 | Deepika.com