കോഴിക്കോട്: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളും വീണ്ടും പരിശോധിക്കുന്നു. എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളെ കൊച്ചി സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ കെ.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘംപിടികൂടിയ സാഹചര്യത്തിലാണ് എല്ലാ സൈബര്‍ തട്ടിപ്പുകേസുകളും പോലീസ് പുനഃപരിശോധിക്കുന്നത്.
പ്രതികള്‍ ഉപയോഗിച്ച 60 മൊബൈല്‍ ഫോണുകളും ഏഴു നമ്പറുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ രണ്ട് ഇ-മെയില്‍ ഐഡികളും അഞ്ചു ബാങ്കുകളിലായുള്ള 31 അക്കൗണ്ടുകളും പോലീസ് തിരിച്ചറിഞ്ഞു.
ഐഎംഇഐ നമ്പറുകളുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും കൊച്ചി സൈബര്‍ പോലീസ് നല്‍കിയിട്ടുണ്ട്. ഐഎംഇഐ നമ്പറുകളും ഫോണ്‍ നമ്പറുകളും ഏതെങ്കിലും സൈബര്‍ കേസില്‍ ഉള്പ്പെട്ടിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്. ഏതെങ്കിലും കേസുകളില്‍ ഈ നമ്പറുകളും ലഭ്യമായ അക്കൗണ്ട്, ഇമെയില്‍ വിവരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കൊച്ചി സൈബര്‍ ക്രൈം പോലീസിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും പുനഃപരിശോധന നടക്കുന്നുണ്ട്.
കെ. ഷിന്റുലാല്‍
എഡിജിപിയുടെ പേരില്‍ തട്ടിപ്പ്: സൈബര്‍ തട്ടിപ്പ് കേസുകളില്‍ പുനഃപരിശോധന
01:25 AM Jul 25, 2021 | Deepika.com