മലപ്പുറം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കേ വാഹനമിടിച്ചു മരണമടഞ്ഞ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ സ്മരണയ്ക്ക് തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏർപ്പെടുത്തിയ 2020ലെ പുരസ്കാരത്തിനു ദീപിക സീനിയർ ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ്പും (അച്ചടി മാധ്യമവിഭാഗം) മീഡിയ വണ്‍ മുൻ സീനിയർ പ്രൊഡ്യൂസർ സുനിൽ ബേബിയും (ദൃശ്യമാധ്യമവിഭാഗം) അർഹരായി. 25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം.
2019 നവംബർ 14 മുതൽ 19 വരെ ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച "കുട്ടനാട്: വീണ്ടെടുക്കാം, വീഴ്ചയില്ലാതെ’ എന്ന പരന്പരയ്ക്കും 2019 ഒക്ടോബറിൽ മീഡിയ വണ്‍ സംപ്രേഷണം ചെയ്ത "തീക്കനൽക്കര’ ന്യൂസ് സ്റ്റോറിക്കുമാണ് പുരസ്കാരം. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, കേരള മീഡിയ അക്കാഡമി മുൻ ചെയർമാൻ എൻ.പി രാജേന്ദ്രൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഏബ്രഹാം മാത്യു എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കോട്ടയം ജില്ലയിൽ ആർപ്പൂക്കര മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ്പ് - ത്രേസ്യാമ്മ ദന്പതികളുടെ മകനാണു ജിമ്മി ഫിലിപ്പ്. ഭാര്യ: ശുഭ. മക്കൾ: അശ്വിൻ, അഞ്ജലീന. തൃശൂർ എരവിമംഗലം സ്വദേശിയാണു സുനിൽ ബേബി.
വാർത്താസമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ദീൻ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയൻ, വൈസ് ചെയർമാൻ ദിനേശ് പൂക്കയിൽ, ഡയറക്ടർ ബഷീർ കൊളക്കാട് എന്നിവർ പങ്കെടുത്തു.
ജിമ്മി ഫിലിപ്പിന് പ്രഥമ കെ.എം. ബഷീർ മാധ്യമ പുരസ്കാരം
12:40 AM Jun 25, 2021 | Deepika.com