തിരുവനന്തപുരം: പരാതി പറയാനായി വിളിച്ച സ്ത്രീയോട് ’അനുഭവിച്ചോളാന്‍’ പറഞ്ഞ വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്റെ പരാമര്‍ശം വിവാദമായി. സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാമിലാണ് കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശം ഉണ്ടായത്.
കൊച്ചിയില്‍ നിന്നു വിളിച്ച പരാതിക്കാരിയോട് സംസാരിക്കുന്നതിനിടെ ""ഭര്‍ത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ'' എന്ന ചോദ്യത്തിന് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കാറുണ്ടെന്നു സ്ത്രീ മറുപടി പറയുന്നു. നിങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നായി അടുത്ത ചോദ്യം.
ഞാന്‍ ആരോടും പരാതി പഞ്ഞിട്ടില്ല എന്ന് സ്ത്രീയുടെ മറുപടി. ഇതോടെ ക്ഷുഭിതയായ വനിതാ കമ്മീഷന് അധ്യക്ഷ ""എങ്കില്‍ പിന്നെ അനുഭവിച്ചോളു'' എന്നു പറഞ്ഞു. കൂടാതെ കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനായും നഷ്ടപരിഹാരത്തിനായും നല്ല വക്കീലിനെ സമീപിക്കണമെന്ന ഉപദേശവും. വേണമെങ്കില്‍ വനിതാ കമ്മീഷനിലും ഒരു പരാതി നല്കിയേക്കൂ; പക്ഷേ ഭര്‍ത്താവ് വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ എന്നു പറഞ്ഞാണ് ഫോണിലെ സംസാരം അവസാനിപ്പിച്ചത്.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചയായി. വനിതാ കമ്മീന് അധ്യക്ഷയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വനിതാ കമ്മീഷനില്‍ വിളിച്ചതിനേക്കാള്‍ ആ സ്ത്രീക്ക് നല്ലത് ഭര്‍ത്താവ് തന്നെയായിരുന്നു എന്നു തുടങ്ങുന്ന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ജോസഫൈന്റെ പരാമര്‍ശത്തിനെതിരേ ഇന്നലെ രാവിലെ മുതല്‍ പ്രതിഷേധവും ശക്തമായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും നേതൃത്വത്തില്‍ കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. ബിജെപി നേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
സിപിഐയുടെ യുവജന സംഘടനയായ എഐഎസ്എഫ് ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നു സിപിഎം നേതാവ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് "അനുഭവിച്ചോളാന്‍' വനിതാ കമ്മീഷന് അധ്യക്ഷ
12:40 AM Jun 25, 2021 | Deepika.com