കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷനു തെളിവുകള്‍ നല്കാൻ നിർദേശം. പാറ്റ്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജെ.ബി. കോശി ചെയര്‍മാനായും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനാണു തെളിവുകള്‍ നല്‍കേണ്ടത്.
വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം, അവ എങ്ങനെ പരിഹരിക്കാം, സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്കും സര്‍ക്കാരിനും എന്തെല്ലാം ചെയ്യാനാകും, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തു മതത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോടടുത്ത് താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ലത്തീന്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടോ, ദളിത് വിഭാഗങ്ങളില്‍നിന്നും പിന്നാക്ക വിഭാഗങ്ങളില്‍നിന്നും ക്രിസ്ത്യാനികള്‍ ആയവരുടെ അവസ്ഥ എന്താണ്, അവരുടെ ക്ഷേമത്തിനായി എന്തൊക്കെ ചെയ്യാന്‍ സാധിക്കും, സര്‍ക്കാര്‍ പൊതുമേഖല ഉദ്യോഗസ്ഥ തലങ്ങളില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയ വിവരങ്ങൾ കമ്മീഷനെ അറിയിക്കാം.
ഇക്കാര്യങ്ങളില്‍ അറിവും താല്പര്യവുമുള്ള വ്യക്തികള്‍ക്കും സംഘടനകൾക്കും സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകർക്കും സത്യവാങ്മൂലമോ പത്രികയോ നിര്‍ദ്ദേശങ്ങളോ ജൂലൈ 30നകം അന്വേഷണ കമ്മീഷന് സെക്രട്ടറിക്കു നേരിട്ടോ ഫോണ്‍ നമ്പര്‍ സഹിതം തപാലിലോ ഇ- മെയില്‍ വിലാസത്തിലോ അയയ്ക്കാം. രേഖകളുണ്ടെങ്കിൽ അസല്‍ പകര്‍പ്പ് ഹാജരാക്കണം. അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ജൂലൈ 30നു മുന്‍പായി നേരിട്ടോ, ഏജന്റ് മുഖേനയോ കമ്മീഷന് മുമ്പാകെ അപേക്ഷ നല്‍കണം.
വിലാസം: സി.വി. ഫ്രാന്‍സിസ്, റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി, സെക്രട്ടറി, ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ബില്‍ഡിംഗ് രണ്ടാംനില പനമ്പിള്ളി നഗര്‍ എറണാകുളം 682036.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍: കമ്മീഷനു തെളിവ് നല്‍കാം
12:40 AM Jun 25, 2021 | Deepika.com