മുട്ടം (തൊടുപുഴ): വൃദ്ധയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരി പുത്രൻ അറസ്റ്റിൽ. വെള്ളത്തൂവൽ ശല്യാംപാറ വരകിൽ സുനിൽ കുമാറി(52)നെയാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മാതൃസഹോദരി മുട്ടം തോട്ടുങ്കര ഉൗളാനിയിൽ (കപ്പയിൽ) സരോജിനി(75)യെയാണ് ഉറങ്ങുന്നതിനിടെ പ്രതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.
കഴിഞ്ഞ മാർച്ച് 31ന് പുലർച്ചെ മൂന്നോടെയാണ് സരോജിനിയെ സ്വന്തം വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സരോജനിയുടെ വീട്ടിൽ 2013 മുതൽ താമസിച്ചുവരുന്ന സുനിൽ കുമാറിന് തന്റെ പേരിലുള്ള സ്വത്ത് മുഴുവനും നൽകാമെന്ന് സരോജനി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സരോജനിയുടെ രണ്ടു സഹോദരിമാരുടെ മക്കളുടെ പേരിൽ സ്വത്ത് എഴുതി വച്ചതാണ് കൊലപാതകത്തിനു കാരണമായത്.
സരോജിനിയുടെ മരണത്തിൽ ദുരൂഹത സംശയിച്ച പോലീസ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. പാചകവാതകത്തിന് തീ പിടിച്ചെന്നായിരുന്നു സുനിൽ കുമാറിന്റെ മൊഴി. തുടർന്ന് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച തെളിവെടുത്തു. സരോജനിയുടെ ദേഹത്ത് ഒഴിക്കാൻ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പിയും കണ്ടെടുത്തു.
വൃദ്ധയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരീ പുത്രൻ അറസ്റ്റിൽ
01:10 AM Jun 24, 2021 | Deepika.com