തിരുവനന്തപുരം: എൻജിനിയറിംഗ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (എൻബിഎ) മാനദണ്ഠങ്ങൾ നിർബന്ധമാക്കി എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല. നിലവിലുള്ള ഒരു കോഴ്സിനെങ്കിലും എൻബിഎ അക്രെഡിറ്റേഷൻ ലഭിച്ച കോളജുകൾക്ക് മാത്രമേ ഇനിമുതൽ പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കുവാനുള്ള എൻഒസി നൽകുകയുള്ളൂ. ഇത് സംബന്ധിച്ച് അഫിലിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി സമർപ്പിച്ച ശിപാർശകൾ സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു.
എൻബിഎ അക്രെഡിറ്റേഷൻ ലഭിക്കാത്ത കോളജുകൾക്ക് പുതിയ കോഴ്സുകൾ തുടങ്ങാൻ എഐസിടിഇ നിഷ്കർഷിക്കുന്ന നിബന്ധനകൾക്ക് ഉപരിയായി യൂണിവേഴ്സിറ്റി നിർദേശിക്കുന്ന മൂന്ന് മാനദണ്ഡങ്ങൾ കൂടി പാലിക്കണം. മുൻ വർഷത്തെ അവസാനവർഷ പരീക്ഷയിൽ കുറഞ്ഞത് അൻപതുശതമാനം വിജയം, പകുതിയിലേറെ സീറ്റുകളിലെങ്കിലും വിദ്യാർഥി പ്രവേശനം, അക്കഡേമിക് ഓഡിറ്റിംഗിലെ മികച്ച റാങ്കിംഗ് എന്നിവയാണ് യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന അധിക മാനദണ്ഡങ്ങൾ.
സാങ്കേതിക സർവകലാശാല: പുതിയ കോഴ്സുകൾക്ക് എൻബിഎ അക്രെഡിറ്റേഷൻ നിർബന്ധം
12:07 AM Jun 23, 2021 | Deepika.com