ചങ്ങനാശേരി: കേരളക്കരയുടെ അഭിമാനകലാലയമായ സെന്റ് ബർക്ക്മാൻസ് കോളജ് നൂറാം വയസിലേക്ക്.
നൂറാമത് സ്ഥാപകദിനാഘോഷങ്ങളും കോളജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സഹകരണമന്ത്രി വി.എൻ. വാസവൻ ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയിട്ടുള്ള 100 സ്കോളർഷിപ്പുകളുടെ വിതരണവും നിർവഹിക്കും.
എസ്ബി കോളജ് രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എംഎൽഎ വാർത്താപത്രികയുടെ പ്രകാശനവും കാളാശേരി മെമ്മോറിയൽ സ്കോളർഷിപ്പിന്റെ വിതരണവും നിർവഹിക്കും. മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയുള്ള ഡി ജിപി ടോമിൻ ജെ. തച്ചങ്കരി ഐപിഎസ് ചെറിയതുണ്ടം സ്കോളർഷിപ്പുകളുടെ സമർപ്പണം നടത്തും.
ശതാബ്ദിയോടനുബന്ധിച്ചു കോളജിൽ സ്ഥാപിക്കുന്ന അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ. പ്രഗാഷ് നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സണ്‍ സന്ധ്യാ മനോജ്, വാർഡ് കൗണ്‍സിലർ ബീനാ ജിജൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
സുവോളജി മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കോളജ് അലുമ്നി കാനഡാ ചാപ്റ്റർ നൽകിയ സംഭാവന മദർ ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് കൈമാറും. കോളജ് മാനേജർ മോണ്‍. തോമസ് പാടിയത്ത് സ്വാഗതവും കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ നന്ദിയും രേഖപ്പെടുത്തും.
കോളജ് ശതാബ്ദി: പുതിയ ലോഗോയുംശതാബ്ദിഗാനവും തയാറായി
ചങ്ങനാശേരി: കോളജ് ശതാബ്ദിയോടനുബന്ധിച്ച് പുതിയ ലോഗോയും ശതാബ്ദിഗാനവും തയാറായി. ഇന്നു നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ ലോഗോ പ്രകാശനം ചെയ്യും. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ഡോ. മനോജ് കുറൂർ രചിച്ച് ശ്രീവൽസൻ മേനോൻ ചിട്ടപ്പെടുത്തിയ എസ്ബി കോളജ് ശതാബ്ദി ഗാനം കോളജ് ഗായകസംഘം ആലപിക്കും. മുൻ അധ്യാപകൻ പ്രഫ. തോമസ് കണയൻപ്ലാക്കൽ രചിച്ച കോളജിനെപ്പറ്റിയുള്ള കവിത ലൈബ്രറി സയൻസ് വിദ്യാർഥിനി വി.എസ്.സുധാമണി ആലപിക്കും.
കോവിഡ് മാനദണ്ഡങ്ങൾ നിലനില്‍ക്കുന്നതിനാൽ ക്ഷണിക്കപ്പെടവർക്കു മാത്രമാണ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.പരിപാടികൾ 2.30 മുതൽ കോളജിന്റെ ഒൗദ്യോഗിക യുട്യൂബ് ചാനലായ ബി.ടിവിയിലൂടെ തത്സമയം കാണാവുന്നതാണ്. യുട്യൂബിൽ ബി.ടിവി എസ്ബി കോളജ് എന്ന് സെർച്ച് ചെയ്യുക. കൂടാതെ ഷെക്കെയ്ന ടിവിയിലും മാക് ടിവിയിലും പരിപാടികൾ തത്സമയം കാണാം. പാറേൽ പള്ളിക്കു സമീപമുള്ള മൂന്നുനില കെട്ടിടത്തിൽ 1922 ജൂണ്‍ 19ന് തുടക്കംകുറിച്ച എസ്ബി കോളജ് അന്നത്തെ ബിഷപ് മാർ തോമസ് കുര്യാളശേരിയാണ് ഉദ്ഘാടനം ചെയ്തത്.
ചങ്ങനാശേരി എസ്ബി കോളജിന്റെ നൂറാമത് സ്ഥാപകദിനാഘോഷം ഇന്ന്
01:07 AM Jun 21, 2021 | Deepika.com