ആലപ്പുഴ: പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള സഹസ്രദള കമലം എന്നറിയപ്പെടുന്ന ആയിരം ഇതളുകളുണ്ടെന്ന് പറയുന്ന താമരയുടെ ഇനം ആലപ്പുഴയിലും പൂവിട്ടു. സാധാരണയുള്ള റോസ് നിറത്തിൽനിന്നും വ്യത്യസ്തമായി പിങ്ക് കളറിലുള്ളതാണ് ഈ പൂവെന്നതും പ്രത്യേകതയാണ്.
ആലപ്പുഴ കൊമ്മാടിയിലുള്ള സോണി ഓർക്കിഡ് എന്ന നഴ്സറിയുടെ വണ്ടാനത്തെ ശാഖയിലാണ്് ഈ അപൂർവ സസ്യം പൂവിട്ടിരിക്കുന്നത്. ഈ കളറിലുള്ള സഹസ്രദള താമര ആദ്യമായാണ് പൂത്തിരിക്കുന്നതെന്ന് നഴ്സറിയുടമ അഷ്റഫ് പറഞ്ഞു. പുരാണങ്ങളിൽ ദേവീദേവൻമാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായേ പൂവിടാറുള്ളൂ.
ചൈനയിൽ 2008 ആദ്യമായി റിപ്പോർട്ട് ചെയ്ത സഹസ്രദള കമലം ഇന്ത്യയിലടക്കം അതീവശ്രദ്ധയോടെ പരിപാലിച്ച് വളർത്തുന്നുണ്ട്. സാധാരണയായി റോസ് വർണത്തിലാണ് പൂക്കൾ രൂപപ്പെടുന്നത്. പ്രകൃത്യാ ഉണ്ടാകുന്ന ജനിതകഘടന വ്യതിയാനം മൂലം സാധാരണ താമരകളിൽ അത്യപൂർവമായി സഹസ്രദള കമലങ്ങൾ ഉണ്ടാകാറുമുണ്ട്. നേരത്തെ തിരുവനന്തപുരം വെള്ളായണി കായലിൽനിന്നും ഇത്തരത്തിലൊന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ കണ്ടെത്തപ്പെടുന്ന താമരകളിൽ സങ്കലനം നടത്തി പുതിയ ഇനങ്ങൾ ചൈന, തായ്ലൻഡ് എന്നിവിടങ്ങളിൽ രൂപപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഇവയെ വളർത്തിയെടുക്കുക ശ്രമകരമാണെന്നും അഷ്റഫ് പറഞ്ഞു. ദീർഘനാളത്തെ പരിചരണത്തെ തുടർന്നാണ് പൂവിട്ടതെന്ന് നഴ്സറി ഉടമ അഷ്റഫ് പറഞ്ഞു.
തായ്ലാൻഡിൽനിന്നും ഇറക്കുമതി ചെയ്താണ് അപൂർവ താമര ആലപ്പുഴയിലേക്കുകൊണ്ടുവന്നത്. ഇതിന്റെ വില 4500 രൂപയോളം വരും. പുതുമയുള്ള പുഷ്പം കാണാൻ പലരും ഇവരുടെ അടുത്തേക്ക് എത്തുന്നുണ്ട്.
പിങ്ക് നിറത്തിലുള്ള സഹസ്രദള കമലം ആലപ്പുഴയിൽ വിരിഞ്ഞു
01:07 AM Jun 21, 2021 | Deepika.com