കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുന്ന മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയോടെ അവസാനിക്കും. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും മാര്‍ട്ടിന്റെ പണമിടപാട് സംബന്ധിച്ചും വിശദമായ അന്വേഷണം പോലീസ് ഇതിനോടം നടത്തിക്കഴിഞ്ഞു.
എന്നാല്‍ പരാതിക്കാരി തന്റെ നഗ്ന ചിത്രം മാര്ട്ടിന് ഫോണില്‍ ചിത്രീകരിച്ചുവെന്ന് ആരോപിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യലില്‍ ഈ ഫോണ്‍ നശിപ്പിച്ചതായാണു മാര്ട്ടിന് പറഞ്ഞിട്ടുള്ളത്. ഇതു പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും മാര്ട്ടിന് നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാണ് പണം സമ്പാദിച്ചിരുന്നതെന്നു പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പീഡനം നടന്ന ഫ്ളാറ്റിലും പ്രതി ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതികളെയും വരും ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പു നടത്തും. കൂട്ടുപ്രതികളില്‍ ഒരാള്‍ക്ക് കോവിഡായതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്ന നടപടികള്‍ വൈകാന്‍ കാരണം.
കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയെ ആണ് ഫ്ളാറ്റില്‍ തടങ്കലില്‍വച്ച് ലൈംഗികമായും ശാരീരികമായും മാര്ട്ടിന് പീഡിപ്പിച്ചത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തുവരുമ്പോഴാണ് യുവതി മാര്‍ട്ടിനെ പരിചയപ്പെടുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കൊണ്ടുപോയി മാര്ട്ടിന് ലൈംഗികമായി പീഡിപ്പിച്ചു. ശേഷം യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ഫ്ളാറ്റ് പീഡനക്കേസ്: മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
01:07 AM Jun 21, 2021 | Deepika.com