പാലാ: കോവിഡ് മഹാമാരിയിൽ തകരുന്ന കുടുംബങ്ങളെ കൈ പിടിച്ചുയർത്തുവാൻ കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നു സീറോ മലബാർ ഫാമിലി ലെയ്റ്റി കമ്മീഷൻ ചെയർമാനും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ കമ്യൂണിറ്റി ദുബായിയുടെയും കത്തോലിക്ക കോണ്‍ഗ്രസ് യുഎ യുടെയും സഹായത്തോടെ കോവിഡ് ആക്ഷൻ ഫോഴ്സ് മുഖേന നൽകുന്ന പൾസ് ഓക്സി മീറ്ററുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം പാലാ ബിഷപ് ഹൗസിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ അവഗണനകള്‍ക്കും നീതി നിഷേധത്തിനുമെ തിരേ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ നേതൃത്വം വഹിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ, രൂപത, ഫൊറോന, യൂണിറ്റ് ഘടകങ്ങൾ ഫുഡ് മെഡിസിൻ വിതരണം, ടെലി കൗണ്‍സലിംഗ്, വാഹന സൗകര്യങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.ഇതിന്റെ തുടർച്ചയായി കോവിഡ് ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് പൾസ് ഓക്സി മീറ്റർ വിതരണം നടത്തുന്നത്.
കേരളത്തിലെ വിവിധ രൂപതകളിലേക്ക് വിതരണം ചെയ്യുവാനുള്ള ഓക്സിമീറ്ററുകൾ യു എ ഇ യിൽ നിന്നുള്ള ഗ്ലോബൽ സെക്രട്ടറി രഞ്ജിത്ത് ജോസഫ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന് കൈമാറി.
കേരളത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വത്തിൽ നടക്കുന്ന കോവിഡ് ഹെൽപിംഗ് ഹാൻഡ്സ് വോളന്റിയഴ്സ് മുഖേന വിവിധ ഇടവകകളിൽ പൾസ് ഓക്സിമീറ്ററുകൾ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കത്തോലിക്ക കോണ്ഗ്രസ്ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാത്തലിക് കോണ്‍ഗ്രസ് യുഎ ഇ പ്രസിഡന്റ് ബെന്നി പുളിക്കക്കര, സീറോ മലബാർ കമ്മ്യൂണിറ്റി ദുബായ് പ്രസിഡന്റ് ബെന്നി പുല്ലാട്ട്, സീറോ മലബാർ കമ്മ്യൂണിറ്റി മുസഫ പ്രസിഡന്റ് ബിജു ഡൊമിനിക് , ഗ്ലോബൽ ഡയറക്ടർ ഫാ ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, പാലാ രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഭാരവാഹികളായ തോമസ് പീടികയിൽ, രാജേഷ് ജോണ്‍, ടെസി ബിജു, ബെന്നി ആന്റണി, രൂപത ഭാരവാഹികളായ ഇമ്മാനുവൽ നിധിരി, തന്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനോയ് ഇടയാടിയിൽ, ജെയിംസ് പെരുമാംകുന്നേൽ, അഡ്വ. ജോണ്സണ് വീട്ടിയാങ്കൽ, ആൻസമ്മ സാബു തുടങ്ങിയവർ പ്രസംഗിച്ചു.
കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ സമുദായത്തിന്റെ മനുഷ്യത്വ മുഖം: മാർ ജോസഫ് കല്ലറങ്ങാട്ട്
12:53 AM Jun 20, 2021 | Deepika.com