തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. spcprogramme.polkerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂണ്‍ 30 ന് മുന്‍പ് അപേക്ഷകൾ ലഭിക്കണം.
അപേക്ഷയുടെ പകർപ്പ് അതത് പോലീസ് സ്റ്റേഷനിലും എസ്പിസി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസിലും നേരിട്ടോ ഇ-മെയിൽ മേഖേനയോ നൽകണം. നിശ്ചിത മാതൃകയിലുളള അപേക്ഷാഫോം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ വെബ്സൈറ്റിൽ (studentpolicecadet.org) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപൂർണമായ അപേക്ഷകൾ പരിഗണിക്കില്ല.
യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന വിഭാഗത്തിൽ (ഹൈസ്കൂൾ അഥവാ ഹയർസെക്കൻഡറി) കുറഞ്ഞത് 500 കുട്ടികൾ ഉണ്ടായിരിക്കണം. പ്രവർത്തനക്ഷമമായ അധ്യാപക രക്ഷകർത്തൃ സമിതി ഉണ്ടായിരിക്കണം. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി സേവനം അനുഷ്ഠിക്കാൻ തയാറായി ശാരീരികക്ഷമതയുള്ള രണ്ട് അധ്യാപകർ വേണം.
പെണ്‍കുട്ടികൾ ഉള്ള സ്കൂളുകളിൽ അതിലൊരാൾ വനിതയായിരിക്കണം. കേഡറ്റുകൾക്ക് ശാരീരിക പരിശീലനം നൽകാൻ പര്യാപ്തമായ തരത്തിൽ മൈതാനവും മറ്റ് സൗകര്യവും വേണം. ഓഫീസ് സജ്ജീകരിക്കുന്നതിനും ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വസ്ത്രം മാറുന്നതിനും മുറികളും ആവശ്യമാണ്.
സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ നോഡൽ ഓഫീസർ എന്നിവർ അപേക്ഷകൾ പരിശോധിച്ച് നൽകിയിരിക്കുന്ന വസ്തുതകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തും. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന സ്കൂളുകളെ സ്റ്റുഡന്റ് പോലീസ് പദ്ധതിയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കും. എസ്പിസിക്കായി ഇതിനകം അപേക്ഷിച്ച സ്കൂളുകളും പുതുതായി അപേക്ഷ സമർപ്പിക്കണം.
സംശയനിവാരണത്തിന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ എസ്പിസി ഡയറക്ടറേറ്റിലെ 0471-2452655 എന്ന നന്പറിലോ വിളിക്കാം.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു
12:53 AM Jun 20, 2021 | Deepika.com