എസ്എസ്എൽസി ഐടി പരീക്ഷാ ഗ്രേഡിംഗിൽ തീരുമാനമായി
01:34 AM Jun 18, 2021 | Deepika.com
തിരുവനന്തപുരം: വിദ്യാർഥികൾക്കു നിരന്തര മൂല്യനിർണയത്തിനു നൽകിയ മാർക്ക് പരിഗണിച്ച് എസ്എസ്എൽസി ഐടി പരീക്ഷകൾക്കു ഗ്രേഡ് നൽകുന്നതിനു കഴിഞ്ഞ ദിവസം ചേർന്ന പരീക്ഷാ പാസ് ബോർഡ് യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് ഐടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. ഐടി പ്രാക്ടിക്കൽ പരീക്ഷ നടത്തിപ്പിനുള്ള സോഫ്റ്റ്വെയർ ഉൾപ്പെടെ സാങ്കേതിക സഹായം ഒരുക്കുന്നത് കൈറ്റ് ആണ്. കൈറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് നേരത്തെ സ്കൂൾ തലത്തിൽ നിരന്തര മൂല്യനിർണയത്തിനു നൽകിയ മാർക്കിന് ആനുപാതികമായി ഐടി പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാൻ തീരുമാനിച്ചത്. ഐടി പരീക്ഷകൾക്കു മൊത്തം 50 മാർക്കാണ് ഇതിൽ 40 മാർക്ക് പ്രാക്ടിക്കലിനും 10 മാർക്ക് നിരന്തര മൂല്യനിർണയത്തിനുമാണ്.