കൊച്ചി: ‘ജൈവായുധം’ പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരേ ജനങ്ങളില്‍ വിദ്വേഷം വളര്‍ത്താനാണ് ഐഷ സുല്‍ത്താന ശ്രമിച്ചതെന്നും അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും ലക്ഷദ്വീപ് പോലീസ് ഇന്നലെ ഹൈക്കോടതിയില്‍ വിശദീകരണം നല്കി. ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ലക്ഷദ്വീപ് സീനിയര്‍ പോലീസ് സൂപ്രണ്ടിനുവേണ്ടി അഭിഭാഷകന് എസ്. മനു വിശദീകരണം നല്‍കിയത്.
ഐഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ലക്ഷദ്വീപുകാര്ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ ‘ജൈവായുധ’മായി പ്രയോഗിച്ചെന്നാണ് ഐഷ സുല്‍ത്താന ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇതു കേന്ദ്രസര്‍ക്കാരിനോടു ജനങ്ങള്‍ക്കു വെറുപ്പും വിദ്വേഷവുമുണ്ടാക്കാന്‍ കാരണമാകും. ദ്വീപിലെ സമാധാനജീവിതം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും അതിനാലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും വിശദീകരണത്തില്‍ പറയുന്നു.
ചൈന കോവിഡ് രോഗം പടരാനിടയാക്കിയെന്ന ആരോപണത്തോടാണു കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ ഹര്‍ജിക്കാരി താരതമ്യം ചെയ്തത്. അക്രമമുണ്ടായാലേ രാജ്യദ്രോഹക്കുറ്റം നിലനില്ക്കൂവെന്നില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനമായി ഇതിനെ കാണാന്‍ കഴിയില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. വിശദമായി ചോദ്യംചെയ്യാനാണ് 20നു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടാനുള്ള കാരണമൊന്നും ഹര്‍ജിയില്‍ പറയുന്നില്ലെന്നും ഹര്‍ജിക്കാരി പബ്ലിസിറ്റിക്കുവേണ്ടിയാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയയെന്നും വിശദീകരണത്തില്‍ പറയുന്നു.
ഐഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നു ലക്ഷദ്വീപ് പോലീസ്
12:50 AM Jun 17, 2021 | Deepika.com