ചങ്ങനാശേരി: 1922 ജൂണ് 19ന് 150 വിദ്യാർഥികളുമായി പാറേൽ പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തിൽ തുടക്കംകുറിച്ച ചങ്ങനാശേരി എസ്ബി കോളജ് നൂറാം വയസിലേക്കു കടക്കുന്നു. ചങ്ങനാശേരിയിൽ ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമെന്ന സ്വപ്നംകണ്ട ബിഷപ് മാർ ചാൾസ് ലവീഞ്ഞിന്റെയും ബിഷപ് മാർ തോമസ് കുര്യാളശേരിയുടെയും ശ്രമഫലമായാണ് എസ്ബി കോളജിനു തുടക്കമിട്ടത്. ഫാ. മാത്യു പുരയ്ക്കലായിരുന്നു പ്രഥമ പ്രിൻസിപ്പൽ. എസ്ബിയുടെ ചരിത്രത്തിലെ ആദ്യ പേരുകാരായ ഇവരുടെ ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള തുടക്കമാണ് എസ്ബിയുടെ ഇന്നോളമുള്ള വിദ്യാഭ്യാസ വളർച്ചയുടെ കരുത്ത്.
പാറേൽ പള്ളി കെട്ടിടത്തിൽനിന്ന് ഇപ്പോഴുള്ള സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളോടുകൂടി ആരംഭിച്ച എസ്ബി കോളജ് ഇന്ന് എൻഐആർഎഫിന്റെ ഇന്ത്യയിലെ മികച്ച 100 കലാലയങ്ങളുടെ പട്ടികയിലുണ്ട്.
നൂറ് വിദ്യാർഥികൾക്കു സ്കോളർഷിപ്പ്
ചങ്ങനാശേരി: എസ്ബി കോളജിന്റെ നൂറാമത് സ്ഥാപക ദിനാചരണം 19ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷിക്കും. അന്ന് കോളജിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിയും. രാവിലെ ഒന്പതിന് കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കോളജ് ചാപ്പലിൽ കൃതജ്ഞതാബലിയർപ്പണം നടക്കും. തുടർന്ന് ശതാബ്ദിസ്മാരകമായി നിർമിക്കുന്ന പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും.
ഉച്ചകഴിഞ്ഞ് 2.30നു ചേരുന്ന പൊതുസമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യ പ്രഭാഷണവും ശതാബ്ദി ലോഗോയുടെ പ്രകാശനവും നിർവഹിക്കും.
കോളജ് രൂപകൽപ്പന ചെയ്ത ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ആപ്ലിക്കേഷൻ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. അഡ്വ.ജോബ് മൈക്കിൾ എംഎൽഎ കുര്യാളശേരി മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണംചെയ്യും.
ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഐപിഎസ് ചെറിയതുണ്ടം സ്കോളർഷിപ്പിപ്പ് വിതരണം നിർവഹിക്കും. അന്തർ വൈജ്ഞാനിക ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് നിർവഹിക്കും. ശതാബ്ദിയോടനുബന്ധിച്ച് 100 വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിക്കും.
ചങ്ങനാശേരി എസ്ബി കോളജ് നൂറാം വയസിലേക്ക്
02:04 AM Jun 16, 2021 | Deepika.com