കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപുകാര്‍ക്കു നേരേ ബയോവെപ്പണ്‍ (ജൈവായുധം) പ്രയോഗിച്ചെന്ന ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടിയും സംവിധായികയുമായ ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചൂ.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഭരണപരിഷ്കാരങ്ങളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും കേന്ദ്രസര്‍ക്കാരിനെ നിന്ദിക്കാന്‍ ലക്ഷ്യമിട്ടില്ലെന്നും വ്യക്തമാക്കി പിന്നീട് മാപ്പും പറഞ്ഞിരുന്നു. എന്നിട്ടും കേസെടുത്തു- ഐഷ പറയുന്നു. പ്രസ്താവനകള്‍ സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ക്കു കാരണമാണെന്നു വന്നാലേ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കൂവെന്ന് കേദാര്‍ നാഥ് കേസിലടക്കം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
ലക്ഷദ്വീപ് നിവാസിയായ ഐഷ സുല്‍ത്താന എറണാകുളം കാക്കനാടാണ് ഇപ്പോള്‍ താമസിക്കുന്നത്. കേസില്‍ 20ന് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ടെന്നും കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്തേക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഐഷ ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപിലെ പുതിയ നിയന്ത്രണങ്ങളും കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളും വിഷയമാക്കി കഴിഞ്ഞ ഏഴിനു മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് ഐഷ വിവാദ പരാമര്‍ശം നടത്തിയത്. ഹൈക്കോടതി നാളെ ഹര്‍ജി പരിഗണിച്ചേക്കും.
ഐഷ സുല്‍ത്താന ജാമ്യഹര്‍ജി നല്കി
12:43 AM Jun 15, 2021 | Deepika.com