തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെഎസ്ആർടിസി സംസ്ഥാനത്തുടനീളം പെട്രോൾ, ഡീസൽ പമ്പുകൾ തുടങ്ങും.
ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് 67 പമ്പുകളാണു തുടങ്ങുന്നത്. ഇതിൽ ആദ്യ എട്ട് പമ്പുകൾ ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിൽ നൂറു ദിവസത്തിനകം തുടങ്ങും. മൂവാറ്റുപുഴ , അങ്കമാലി , കണ്ണൂർ , കോഴിക്കോട് , പെരിന്തൽമണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും . പുതിയ പദ്ധതി കോർപറേഷനെ പ്രതിസന്ധിയിൽനിന്ന് കരകയറാൻ സഹായിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെതാണെന്നും മന്ത്രി അറിയിച്ചു.
വരുന്നൂ,കെഎസ്ആർടിസി പമ്പുകൾ
01:11 AM Jun 14, 2021 | Deepika.com