കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മാര്ട്ടിന് ജോസഫിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് ഇന്ന് കോടതിയെ സമീപിക്കും. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ കഴിഞ്ഞ തൃശൂരിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ അന്വേഷണസംഘം ഏഴ് ദിവസത്തേക്കാവും മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.
നിലവില്‍ പീഡനം നടന്ന മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ മാത്രമാണ് തെളിവെടുപ്പ് നടന്നിട്ടുള്ളത്. നേരത്തെ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്നതടക്കമുള്ള പരാതികള്‍ ഉണ്ടായിരുന്നു. ഇത് കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും പ്രതിയില്‍നിന്ന് വിവരങ്ങള്‍ പോലീസിനു തേടേണ്ടതുണ്ട്. കൂടാതെ പ്രതിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാര്ട്ടിന് അക്കൗണ്ടുള്ള ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ നടത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. \
എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ തടങ്കലില്‍വച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു മാര്ട്ടിന്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണു പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കൊണ്ടുപോയി മാര്ട്ടിന് ലൈംഗികമായി പീഡിപ്പിച്ചു.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളും പകര്‍ത്തി. മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയും എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കഴിഞ്ഞ പത്തിന് രാത്രിയോടെ തൃശൂരിലെ വന മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണു പോലീസ് പിടികൂടിയത്.
ഫ്ളാറ്റ് പീഡനക്കേസ് : മാര്‍ട്ടിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കും
01:11 AM Jun 14, 2021 | Deepika.com