കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കു മാത്രമായി ചിട്ടപ്പെടുത്തിയ ‘ഷീ അസംബ്ലി’ക്ക് ഇന്നു മണിമുഴങ്ങും. കൗമാരക്കാരായ വിദ്യാര്‍ഥിനികള്‍ക്കു പഠനത്തിലും ജീവിതത്തിലും ആത്മവിശ്വാസം പകരുന്നതിനും മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണു ഷീ അസംബ്ലി രൂപകല്പന ചെയ്തിട്ടുള്ളത്. ഓണ്‍ലൈനിലാണ് അസംബ്ലിയെങ്കിലും ഈശ്വരപ്രാര്‍ഥന, ഇന്നത്തെ ചിന്താവിഷയം, വാര്‍ത്താ അവതരണം, സന്ദേശം, പ്രതിജ്ഞ, ദേശീയഗാനം എന്നിവയെല്ലാമുണ്ട്. ഇതെല്ലാം നടത്തുന്നതും ഏകോപിപ്പിക്കുന്നതും വിദ്യാര്‍ഥിനികള്‍തന്നെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സെല്ലിന്റെ (സിജിഎസി) മേല്‍നോട്ടത്തില്‍ ഞായറാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ 9.30 വരെയാണ് ഷീ അംസംബ്ലി ക്രമീകരിക്കുക. ഓരോ അസംബ്ലിയുടെയും നേതൃത്വം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ക്കാകും.
സൂം ആപ്ലിക്കേഷനിലൂടെ നടത്തുന്ന ഷീ അസംബ്ലിയില്‍ ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെയാണു കൂടുതല്‍ വിദ്യാര്‍ഥിനികള്‍ക്കു പങ്കെടുക്കാനാകുകയെന്നു സിജിഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എ. ബിജോയ് പറഞ്ഞു. ആദ്യദിനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു ഷീ അസംബ്ലിയില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും.
വിദ്യാര്‍ഥിനികള്‍ക്ക് അസംബ്ലി ഇനി ഓണ്‍ലൈനില്‍
12:59 AM Jun 13, 2021 | Deepika.com