തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മയ്ക്ക് (104) രോഗമുക്തി. ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്.
മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍നിന്നും ഓക്സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്, അനസ്തേഷ്യ, പള്‍മണറി മെഡിസിന്, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവര്‍ ഹൈറിസ്ക് വിഭാഗത്തില്‍ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും 110 വയസുകാരിയും, കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.
ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ചു ചികിത്സയിലാണ്. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്നു യാത്രയാക്കി.
കോവിഡ് മുക്തയായി 104 വയസുകാരി ജീവിതത്തിലേക്ക്
01:46 AM Jun 12, 2021 | Deepika.com