തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഹയരാർക്കി 90-ാം വർഷത്തിലേക്ക്. 1932 ജൂണ് 11 നു പതിനൊന്നാം പീയൂസ് മാർപാപ്പ, ക്രിസ്തോ പാസ്തോരും പ്രിൻചിപ്പി (Christo Pastorum Principi) എന്ന അപ്പസ്തോലിക രേഖ വഴി തിരുവനന്തപുരം മേജർ അതിരൂപതയും തിരുവല്ലാ രൂപതയും സ്ഥാപിതമായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം അതിരൂപതാ അധ്യക്ഷനുമായി ആർച്ച്ബിഷപ് മാർ ഈവാനിയോസ് നിയമിതനായി.
കന്യാകുമാരി മുതൽ നിലയ്ക്കൽ ആങ്ങമൂഴി വരെയുള്ള ഭൂപ്രദേശം തിരുവനന്തപുരം അതിരൂപതയുടെ അജപാലന പ്രദേശമായി മാർപാപ്പ നിശ്ചയിച്ചു. പിന്നീട് അജപാലന സൗകര്യത്തിനായി തിരുവനന്തപുരം അതിരൂപതയിൽനിന്നും മാർ ത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, പാറശാല രൂപതകൾ സ്ഥാപിതമായി. 2005 ഫെബ്രുവരി 10ന് വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പ മലങ്കര സുറിയാനി കത്തോലിക്കാസഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തിയപ്പോൾ തിരുവനന്തപുരം അതിരൂപത മേജർ അതിരൂപതയായി ഉയർത്തപ്പെട്ടു.
നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം കോവിഡ്-19 ന്റെ പ്രത്യേക നിയന്ത്രണങ്ങൾക്കു വിധേയമായി ഇന്ന് രാവിലെ സഭയുടെ പ്രഥമ ദേവാലയവും 1932-ൽ ഹയരാർക്കി സ്ഥാപന വിളംബര കൽപ്പന വായിക്കപ്പെട്ട തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ നടക്കും. രാവിലെ 6.30-ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാബാവാ നിർവഹിക്കും. ഇതിനോട് ചേർന്ന് ദിവ്യകാരുണ്യ ആരാധനയും നവതി ലോഗോ പ്രകാശനവും നടക്കും. പരിപാടികൾ മലങ്കര കാത്തലിക് ടിവി യിൽ തൽസമയം പ്രക്ഷേപണം ചെയ്യും.
അവിഭക്ത തിരുവനന്തപുരം അതിരൂപതയിൽ 640 ഇടവകകളും മിഷൻ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, മേജർ ആർച്ച്ബിഷപ് സിറിൽ ബസേലിയോസ് കാതോലിക്കാബാവ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ അതിരൂപതയ്ക്കു നേതൃത്വം നൽകി.
ബിഷപ്പുമാരായ ലോറൻസ് മാർ അപ്രേം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഐസക് മാർ ക്ലീമിസ്, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയോസ് എന്നിവർ അതിരൂപതയിൽ സഹായമെത്രാന്മാരായിരുന്നു. ഇപ്പോൾ ഒമ്പതു വൈദികജില്ലകളിലായി 217 ഇടവകകളും മിഷൻ കേന്ദ്രങ്ങളും തിരുവനന്തപുരം മാർ ഈവാനിയോസ് വിദ്യാനഗർ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി ഉന്നതവിദ്യാഭ്യാസ, പൊതുവിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ കേന്ദ്രങ്ങൾ തിരുവനന്തപുരം മേജർ അതിരൂപതയിലുണ്ട്.
തിരുവനന്തപുരം മേജർ അതിരൂപത നവതി ആഘോഷത്തിന് ഇന്നു തുടക്കം
01:38 AM Jun 11, 2021 | Deepika.com