തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മത്സ്യം, പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടു വരെ അനുവദിക്കും. നേരത്തെ ഇവ രാവിലെ ആറിനകം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. ഇവിടെ ബാങ്കുകൾ ആഴ്ചയിൽ മൂന്നു ദിവസം പ്രവർത്തിക്കും.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു ബാങ്കുകൾ പ്രവർത്തിക്കുകയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റു ജില്ലകളിലും ഈ ദിവസങ്ങളിലാണു ബാങ്കിംഗ് ഇടപാടുകൾ നടക്കുന്നത്. നാലു ജില്ലകളിലും ഇന്നലെ അർധരാത്രി ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിൽ വന്നു. ഈ ജില്ലകളുടെ അതിർത്തികൾ പോലീസ് അടച്ചു. ഒരു വഴി മാത്രമാകും ഈ ജില്ലകളിലേക്കു പ്രവേശിക്കാനും പുറത്തു കടക്കാനും തുറക്കുക. അവശ്യ സർവീസുകാർക്കും അടുത്ത ബന്ധുക്കളുടെ രോഗം, മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്കും മാത്രമേ ജില്ല കടന്നുള്ള സഞ്ചാരം അനുവദിക്കുകയുള്ളൂ.
ട്രിപ്പിൾ ലോക്ഡൗണ്‍ ജില്ലകളിൽ പാൽ, മത്സ്യവിതരണം രാവിലെ എട്ടു വരെ
01:17 AM May 17, 2021 | Deepika.com