കൊച്ചി: പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കു വെട്ടിക്കുറച്ച അലവന്‍സുകള്‍ വിതരണം ചെയ്യാന്‍ തീരുമാനം. ഇതിനായി 77.42 കോടി രൂപ അനുവദിച്ചുകൊണ്ടു സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.
കോവിഡ് രോഗികളെ പരിചരിക്കുന്നതിനു താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട നഴ്സുമാര്‍ക്ക് അലവന്‍സുകള്‍ വെട്ടിക്കുറച്ചതു സംബന്ധിച്ചു കഴിഞ്ഞ എട്ടിനു ‘ദീപിക’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നഴ്സുമാരുടെ അലവന്‍സുകള്‍ മുടങ്ങിയതു സംബന്ധിച്ചു പരിശോധിച്ചു തീരുമാനമെടുക്കുമെന്നു ദേശീയ ആരോഗ്യ ദൗത്യം(എന്‍എച്ച്എം) സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്. രാജു ദീപികയോടു വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി. കോവിഡ് രണ്ടാം വ്യാപനഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ജോലിഭാരം ഇരട്ടിയായ നഴ്സുമാര്‍ക്ക് ആശ്വാസമാണു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുടങ്ങിയ അലവന്‍സുകള്‍ നഴ്സുമാര്‍ക്കു വൈകാതെ ലഭിക്കും.
സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ ആരംഭിച്ചിട്ടുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ എന്‍എച്ച്എം ആണു നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്സുമാരില്നിന്നാണു ഇവരെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 24,250 രൂപ ലഭിക്കേണ്ട നഴ്സുമാര്‍ക്കു ഡിസംബര്‍ മുതല്‍ ശമ്പള ഇനത്തിലുള്ള 17,000 രൂപ മാത്രമാണു നല്‍കിയത്. റിസ്ക് അലവന്‍സ് ഉള്‍പ്പെടെ ശരാശരി 7,250 രൂപയാണ് പ്രതിമാസ വേതനത്തില്‍ നിന്നു കുറച്ചത്. ഈ തുക പുതിയ ഉത്തരവുപ്രകാരം നഴ്സുമാര്‍ക്കു ലഭിക്കും. കോവിഡ് ബ്രിഗേഡ് വഴി തെരഞ്ഞെടുത്ത എന്‍എച്ച്എം നഴ്സുമാര്‍ക്ക് അലവന്‍സ് നല്കാന് 2020 സെപ്റ്റംബറില്‍ 22.68 കോടി രൂപയും കഴിഞ്ഞ ഫെബ്രുവരിയില്‍ 45.32 കോടി രൂപയും ആരോഗ്യമന്ത്രാലയം അനുവദിച്ചിരുന്നു.
സിജോ പൈനാടത്ത്
കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ നഴ്സുമാര്‍ക്ക് അലവന്‍സ് നല്കാന് തീരുമാനം
01:17 AM May 17, 2021 | Deepika.com