കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമായ അമ്പലമുകളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രിയില്‍ ഇന്നലെ ചികിത്സ ആരംഭിച്ചു. കൊച്ചി റിഫൈനറി സ്കൂള്‍ ഗ്രൗണ്ടിലാണ് ആശുപത്രി സജ്ജമാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 100 ഓക്സിജന്‍ കിടക്കകളാണ് ആശുപത്രിയിലുള്ളത്. ആകെ 1,500 ഓക്സിജന്‍ ബെഡുകളാണ് ഇവിടെ തയാറാക്കുക. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും, എട്ടു ദിവസങ്ങള്‍ക്ക് ശേഷം 1,500 ആയും ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്സുമാര്‍ ഉള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി ഉണ്ടാകും.
ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ വഴി ബിപിസിഎല്ലിന്റെ സഹകരണത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമാണ് തയാറായിരിക്കുന്നത്. ഓക്സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ട് ബെഡുകളിലേക്ക് ഓക്സിജന്‍ എത്തിക്കുന്ന ചികിത്സാ സംവിധാനം രാജ്യത്ത് ആദ്യമായാണ് ക്രമീകരിക്കുന്നത്.
ചികിത്സാ കേന്ദ്രത്തിന് സമീപമുള്ള ബിപിസിഎല്ലിന്റെ ഓക്സിജന്‍ പ്ലാന്റില്‍ നിന്നും തടസമില്ലാത്ത ഓക്സിജന്‍ വിതരണം ഇവിടെ സാധ്യമാകും. അതിനാല്‍ ഓക്സിജന്റെ ഗതാഗത പ്രശ്നങ്ങളും ക്ഷാമവും മറികടക്കാന്‍ സാധിക്കും. കൊച്ചി റിഫൈനറിയില്‍ നിന്ന് നേരിട്ടുള്ള സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ പൈപ്ലൈന് വഴിയാണ് ഓക്സിജന്‍ ബെഡുകളിലേക്ക് എത്തിക്കുക. ഓക്സിജനു പുറമേ വൈദ്യുതി, വെള്ളം മറ്റു സൗകര്യങ്ങള്‍ എന്നിവ ബിപിസിഎല്‍ സൗജന്യമായി നല്‍കും. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
അമ്പലമുകളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചു
12:42 AM May 17, 2021 | Deepika.com