കൊച്ചി: വൈദികപരിശീലനരംഗത്തു മഹത്തായ സംഭാവനകള്‍ നല്കി ഒരു കാലഘട്ടത്തിലെ വൈദികരെ രൂപപ്പെടുത്തിയ മിഷനറി വൈദികനാണ് റവ. ഡോ. ഡൊമിനിക് ഫെര്‍ണാണ്ടസെന്ന് കെസിബിസി പ്രസിഡന്റും ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാന്‍സലറുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍, റെക്ടര്‍, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ രണ്ടര പതിറ്റാണ്ടു കാലം സ്തുത്യര്‍ഹമായ സേവനം ചെയ്ത കര്‍മലീത്താ വൈദികനായ റവ. ഡോ. ഡൊമിനിക് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള അനുശോചന സന്ദേശത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം അനുസ്മരിച്ചത്.
1954 മുതല്‍ 1978 വരെയുള്ള കാലഘട്ടത്തില്‍ ഫാ. ഡൊമിനിക് ഫെര്‍ണാണ്ടസിന്റെ സേവന രംഗം ആലുവ സെമിനാരിയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ സെമിനാരി പരിശീലനം കാലാനുസൃതമായി പരിഷ്കരിക്കുവാന്‍ അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. വൈദിക വിദ്യാര്‍ഥികള്‍ ദൈവവിശ്വാസത്തിലും സഭാസ്നേഹത്തിലും വളരുന്നതോടൊപ്പം ഭൗതികമേഖലകളിലും കഴിവുള്ളവരായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അനേകം കാര്യങ്ങള്‍ അദ്ദേഹം നടപ്പില്‍ വരുത്തി. ആലുവ സെമിനാരിയോട് ചേര്‍ന്ന് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു അദ്ദേഹം നല്കിയ നേതൃത്വം ഒരുദാഹരണം മാത്രമാണ്.
സെമിനാരി വിദ്യാര്‍ഥികളെ കലാകായിക രംഗങ്ങളില്‍ പ്രവീണരാക്കുന്നതിന് യൂണിവേഴ്സിറ്റി കോളജുകളോട് ചേര്‍ന്ന് അദ്ദേഹം പരിശ്രമിച്ചു. ഫാ. ഡൊമിനിക് റെക്ടറും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റുമായിരുന്ന കാലഘട്ടത്തില്‍ അവിടെ വൈദിക പരിശീലനം നേടുവാനും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ബാച്ചില്‍ ഒരാളായി ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും കര്‍ദിനാള്‍ ആലഞ്ചേരി അനുസ്മരിച്ചു.
ഫാ. ഡൊമിനിക് ഫെര്‍ണാണ്ടസ് വൈദിക പരിശീലനരംഗത്ത് മഹത്തായ സംഭാവനകള്‍ നല്കിയ മിഷനറി: മാര്‍ ആലഞ്ചേരി
12:42 AM May 17, 2021 | Deepika.com