തിരുവനന്തപുരം: അതിശക്തമായ കടൽക്ഷോഭത്തെത്തുടർന്ന് ചരിത്രസ്മാരകമായ വലിയതുറ കടൽപ്പാലത്തിനു വിള്ളൽ വീണു. ഇതേത്തുടർന്നു പാലം ചരിഞ്ഞു. പാലത്തിന്റെ അടിഭാഗത്തെ തൂണുകളിൽ ചിലത് പൊട്ടുകയും കടലിലേക്ക് കൂടുതൽ താഴുകയും ചെയ്തതോടെ പാലത്തിന്റെ നടുഭാഗം കടലിലേക്കു താഴുകയും വിള്ളൽ വീഴുകയുമായിരുന്നു. പാലത്തിന്റെ പാർശ്വഭിത്തിയുടെ തൂണുകളിൽ ചിലതും പൊട്ടിയ നിലയിലാണ്.
ഇന്നലെ പുലർച്ചെ പാലത്തിനു നടുക്കുനിന്നു വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് സുരക്ഷാ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അപകടം കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദുരന്തനിവാരണ സേന അധികൃതർ പാലത്തിന്റെ പരിസരത്തേക്ക് ആരും കടക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
നാലു വർഷങ്ങൾക്കു മുന്പ് ഇതേ രീയിൽ ശക്തമായ കടലാക്രമണത്തിൽ പാലവും കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. പിന്നീട് ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റ കീഴിൽ ലക്ഷങ്ങൾ മുടക്കിയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയത്. കടൽക്ഷോഭത്തിൽ ശംഖുമുഖത്തുനിന്നും ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകുന്ന ഭാഗത്തെ റോഡും കൂടുതൽ തകർന്നതോടെ ഇതുവഴിയുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി.
വലിയതുറ പാലത്തിൽ വിള്ളൽ
01:48 AM May 16, 2021 | Deepika.com