ഐതപ്പെ രൂപതാ ബിഷപ്കോട്ടയം: പാപ്പുവ ന്യൂഗ്വിനിയ ദ്വീപസമൂഹത്തിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ ബിഷപ്പായി ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഫാ. സിബി മാത്യു പീടികയിലിനെ (50) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
ഔദ്യോഗിക നിയമന പ്രഖ്യാപനം വ്യാഴാഴ്ച ഉച്ചയ്ക്ക് റോമിലും തൃശൂർ കൊരട്ടിയിലുള്ള ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് പ്രോവിഷൽ ഹൗസിൽ, സെന്റ് പോൾസ് പ്രൊവിൻഷ്യൽ ഫാ. സജി സെബാസ്റ്റ്യൻ പുവംനിൽക്കുംതൊട്ടിയിലും നടത്തി. 2008 മുതൽ 2014 വരെ രണ്ടു തവണ ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സെന്റ് പോൾസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യലായിയിരുന്നു ഫാ. സിബി മാത്യു പീടികയിൽ. മെത്രാഭിഷേക തീ യതി പിന്നീടു തീരുമാനിക്കും.
കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവക പീടികയിൽ മാത്യു വർക്കിയുടെയും ഈഴോർമറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ പുത്രനാണ് ഫാ. സിബി. സഹോദരങ്ങൾ: ജോസ് മാത്യു, ആൻസി ജോസ്, ബിൻസി സാബു, ജൂലി ജോസുകുട്ടി, ടിജോ മാത്യു.
മേലോരം സെന്റ് മരിയ ഗൊരേത്തി യുപിഎസിലും തെക്കേമല സെന്റ് മേരീസ് ഹൈസ്കൂളിലുമായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ആന്ധ്രപ്രദേശിലെ കുരുക്കുരു മൈനർ സെമിനാരിയിലും ജാനംപെട്ട് വിജ്ഞാനനിലയത്തിലും റാഞ്ചി സെന്റ് ആൽബർട്്സിലുമായി വൈദികപരിശീലനം പൂർത്തിയാക്കി. 1996ൽ വൈദികപട്ടം സ്വീകരിച്ചു. 1997 മുതൽ ഏഴു വർഷം പാപ്പുവ ന്യൂഗ്വിനിയയിൽ സേവനം ചെയ്തു. 2004ൽ മടങ്ങിയെത്തി. 10 വർഷം ആന്ധ്രപ്രദേശിലും കേരളത്തിലും സെമിനാരി റെക്ടർ, പ്രൊവിൻഷ്യൽ ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചു.
2014 ൽ പാപ്പുവ ന്യൂഗ്വിനിയയിലേക്ക് മടങ്ങി അവിടെ വാനിമോ രൂപതാ വികാരി ജനറാൾ പദവി ഉൾപ്പെടെ വിവിധ ചുമതലകളിൽ ശുശ്രൂഷ ചെയ്തുവരികയാ യിരുന്നു. പസഫിക് സമുദ്രത്തിൽപ്പെട്ട പാപ്പുവ ന്യൂഗ്വിനിയ ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ സമൂഹമാണ്.
ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹത്തിൽനിന്നുള്ള ആദ്യബിഷപ്പാണ് ഫാ. സിബി മാത്യു പീടികയിൽ. പ്രോവിൻഷ്യൽ ഫാ. സജി സെബാസ്റ്റ്യൻ പുവംനിൽക്കുംതൊട്ടിയിൽ നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൗണ്സിലർമാരായ ഫാ. സജി പാംപ്ലാനി, ഫാ.ജോസഫ് കണ്ടത്തിപ്പറന്പിൽ, ഫാ. സിബി തടത്തിൽ, പ്രൊക്യുറേറ്റർ ഫാ. സെൽവൻ ലാസർ തുടങ്ങിയവരും വൈദിക പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഫാ. സിബി മാത്യു പീടികയിൽ പാപ്പുവ ന്യൂഗ്വിനിയയിലെ
01:44 AM May 15, 2021 | Deepika.com