കൊച്ചി: സംസ്ഥാനത്ത് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചവര്‍ക്കും ഇത്രയും കാലം തടവുശിക്ഷ ലഭിക്കുന്ന വിചാരണത്തടവുകാര്‍ക്കും കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പരോളോ ഇടക്കാല ജാമ്യമോ നല്കാന് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റീസ് സി.ടി. രവികുമാര്‍, ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് എന്നിവരുള്‍പ്പെട്ട ഉന്നതാധികാര സമിതിയാണ് നിര്‍ദേശം നല്‍കിയത്.
കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഉന്നതാധികാര സമിതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കൊലക്കേസ് പ്രതികള്‍, മയക്കുമരുന്നു കേസിലെ പ്രതികള്‍, പോക്സോ-പീഡനക്കേസുകളിലെ പ്രതികള്‍ തുടങ്ങിയവര്‍ക്ക് ഈ ഇളവു ബാധകമല്ല. സ്ഥിരം കുറ്റവാളികള്‍ക്കും ഇളവു നല്‍കരുതെന്ന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ഉന്നതാധികാര സമിതി ഇതേ നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായതോടെ ഉത്തരവു റദ്ദാക്കി. രോഗവ്യാപനം വീണ്ടും കൂടിയതോടെയാണ് തടവുകാര്‍ക്ക് ഇളവു നല്കാന് ഇപ്പോള്‍ നിര്‍ദേശിച്ചത്.
10 വര്‍ഷം വരെ തടവു ലഭിച്ചവര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ നല്കാന് ശിപാര്‍ശ
01:43 AM May 15, 2021 | Deepika.com