കൊരട്ടി: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ പി.സി. ജോർജ് (74) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊരട്ടി പൊങ്ങംങം പൈനാടത്ത് കുടുംബാംഗമാണ്.
പോലീസുകാരനായിരുന്ന പി.സി. ജോർജ് എസ്പിയായാണ് വിരമിച്ചത്. നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ അദ്ദേഹം ചാണക്യൻ, അഥർവം, ഇന്നലെ, സംഘം, ഇരകൾ തുടങ്ങി 68 ഓളം സിനിമകളിൽ അഭിനയിച്ചു. കെ.ജി. ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം.
ആദ്യകാലങ്ങളിൽ സിനിമയും ഒൗദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും പിന്നീട് സിനിമയിലേക്ക് കൂടുതൽ ശ്രദ്ധവച്ചു. സിനിമ കുറഞ്ഞപ്പോൾ തിരികെ ജോലിയിൽ പ്രവേശിച്ചു. പോലീസുകാരനായും, വില്ലനായും, ക്യാരക്ടർ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.
ഭാര്യ: ചാലക്കുടി നങ്ങണി കുടുബാംഗം കൊച്ചുമേരി. മക്കൾ: കനക (അയർലന്റ്), കാഞ്ചന (സൗത്ത് ആഫ്രിക്ക), റീജോ (ഐടി മേഖല കൊച്ചി), മരുമക്കൾ: പ്രദീപ് (അയർലന്റ്), അനിൽ (സൗത്ത് ആഫ്രിക്ക), ഫെബിയ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കറുകുറ്റി ബെസ്ലേഹം സെന്റ് ജോസഫ്സ് പള്ളിയിൽ.
നടൻ പി.സി ജോർജ് അന്തരിച്ചു
12:49 AM May 15, 2021 | Deepika.com