കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലെ ചുമതലക്കാര്ക്കെതിരേ നടപടി വരുന്നു. സംസ്ഥാനത്തെ 318 ബൂത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലാത്തത്.
പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പിനു ചെലവഴിക്കാന്‍ എത്ര പണം നല്കിയിട്ടുണ്ടെന്നുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്.
ഇത്തരം ബൂത്തുകളിലെ ഏജന്റുമാരുടെയും ബൂത്ത് ചുമതലക്കാരന്റെയും വോട്ട് എവിടെയാണെന്നതും അന്വേഷിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65,000ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് എൻഡിഎ പൂജ്യരായത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് മത്സരിച്ച കോഴിക്കോട് നഗരമുള്‍പ്പെടുന്ന നോര്‍ത്ത് മണ്ഡലത്തിലെ ഒരു ബൂത്തില്‍നിന്ന് ഒരുവോട്ടുപോലും ലഭിക്കാത്തത് ജില്ലാകമ്മിറ്റിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകള്‍ മലപ്പുറത്താണ്. കോഴിക്കോട് ജില്ലയില്‍ ഒന്‍പതും കണ്ണൂര്‍ ജില്ലയില്‍ ഏഴും മണ്ഡലങ്ങളില്‍ വോട്ടില്ലാ ബൂത്തുണ്ട്. എ പ്ലസ് മണ്ഡലത്തിലുള്‍പ്പെട്ട കോഴിക്കോട്ടെ കുന്നമംഗലം, ബേപ്പൂര്‍ മണ്ഡലത്തിലെ ഓരോ ബൂത്തിലും ബിജെപിക്ക് ഒരു വോട്ടുപോലും നേടാനായിട്ടില്ല. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് എൻഡിഎക്ക് വോട്ടില്ലാത്ത ഏറ്റവുമധികം ബൂത്ത്. 34 ബൂത്തിൽ വോട്ടില്ല.
നോട്ടയ്ക്കു വരെ വോട്ട്; ബിജെപിക്ക് ഇല്ല
കോഴിക്കോട്: സംസ്ഥാന അധ്യക്ഷന്‍ മത്സരിച്ച കോന്നിയില്‍ ഒരു വോട്ടും കിട്ടാത്ത ബൂത്തുകള്‍ കാട്ടിലാണെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച വിശദീകരണം. ഇവിടെ 80/54-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ 75 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. അതില്‍ 70 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ്കുമാറിനാണ് ലഭിച്ചത്. മറ്റുള്ള അഞ്ചു വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്ററിനും ലഭിച്ചു.
ഒരു വോട്ടുമില്ലാത്ത 293/212-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ 58 വോട്ടുകളായിരുന്നു രേഖപ്പെടുത്തിയത്. 56 വോട്ട് ജനീഷ്കുമാറിനും ഒരു വോട്ട് റോബിനും ലഭിച്ചപ്പോള്‍ ഒരു വോട്ട് നോട്ടയ്ക്കാണ് രേഖപ്പെടുത്തിയത്.
കെ. ഷിന്റുലാല്‍
ബൂത്ത് ഏജന്റുമാരുടെ വോട്ട് പോലും കിട്ടിയില്ല; ബിജെപിയില്‍ നടപടി
02:02 AM May 13, 2021 | Deepika.com