തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ മുന്നണിയിൽ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടു പോരാടുന്ന ലോകത്തെല്ലായിടത്തുമുള്ള നഴ്സുമാർക്കു കേരളത്തിന്റെ നന്ദിയും ആശംസയും പങ്കുവച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്റർനാഷണൽ കൗണ്‍സിൽ ഫോർ നഴ്സസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കോവിഡ് രോഗബാധിതരായത്. മൂവായിരത്തിലധികം പേർ കോവിഡ് കാരണം മരണപ്പെടുകയും ചെയ്തു.
ഈ വെല്ലുവിളി മുൻപിലുണ്ടായിട്ടും സമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി അവർ അക്ഷീണം പ്രയത്നിക്കുകയാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധം താരതമ്യേന മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതിൽ ആ പ്രയത്നത്തിനുള്ള പങ്ക് നിസ്തുലമാണ്. നിപ്പ വൈറസിന്റെ ആക്രമണമുണ്ടായപ്പോൾ ലിനി എന്ന സഹോദരിക്ക് നല്‍കേണ്ടിവന്നത് സ്വന്തം ജീവനാണ്. ഈ നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗങ്ങൾക്ക് നന്ദി പറയാം. സമൂഹമെന്ന നിലയിൽ നഴ്സുമാർക്ക് കൂടുതൽ പിന്തുണ ഏവരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. അതുണ്ടാകുമെന്ന് ഉറപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഴ്സുമാർക്ക് ആശംസകളുമായി മുഖ്യമന്ത്രി
02:02 AM May 13, 2021 | Deepika.com