കൊച്ചി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ക്ക് വാക്സിന് നിര്‍മിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. ജി.കെ. ഗോപകുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റീസ് എ. രാജവിജയരാഘവന്‍, ജസ്റ്റീസ് എം.ആര്. അനിത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജി പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ വാക്സിന് നിര്‍മിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഇരു കമ്പനികളും കൂടി ആവശ്യമുള്ള വാക്സിന്റെ 30 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്നും ഇതു തുടര്‍ന്നാല്‍ 2023 അവസാനത്തോടെ മാത്രമേ 18 വയസിനുമേല്‍ പ്രായമുള്ളവരുടെ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നും ഹര്‍ജിയില്‍ പറയുന്നു.
അടിയന്തര സാഹചര്യത്തില്‍ ബൗദ്ധിക സ്വത്തവകാശ നിയമവും അന്താരാഷ്ട്ര കരാറുകളും മറികടന്ന് കൂടുതല്‍ മരുന്നുകമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് നല്കാന് കേന്ദ്ര സര്‍ക്കാരിന് കഴിയും. പേറ്റന്റ് നിയമത്തില്‍ ഇതിനു വ്യവസ്ഥയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡ് വാക്സിനുമേലുള്ള പേറ്റന്റ് അവകാശം മേയ് അഞ്ചിന് യുഎസ് സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കോവിഡ് വാക്സിന്: കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്നു ഹര്‍ജി
01:20 AM May 13, 2021 | Deepika.com