തിരുവനന്തപുരം: ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അതിതീവ്ര മഴയ്ക്കും വെള്ളി, ശനി ദിവസങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കുമാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ഇന്നും തിരുവനന്തപുരം ജില്ലയിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
കനത്ത മഴയ്ക്കു പുറമെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കർണാടക, കേരള തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും വെള്ളിയാഴ്ച മുതൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ കടലിൽ പോകരുത്. കടലിൽ പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച രാത്രിക്കു മുൻപ് മടങ്ങിയെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത
01:24 AM May 12, 2021 | Deepika.com