കോട്ടയം: മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം പിന്നീട്.
കോട്ടയം ഏറ്റുമാനൂർ ചെറുവാണ്ടൂർ പന്നിവേലിൽ എം.എൻ. ജോസഫ്- ഏലിയാമ്മ ദന്പതികളുടെ മകനായി 1957 ഒക്ടോബർ 20ന് ജനനം. ഏറ്റുമാനൂർ ഗവണ്മെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
1985-ൽ ജേസി സംവിധാനം ചെയ്ത ‘ഈറൻ സന്ധ്യ’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തന്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നീസ് ജോസഫ് ഹിറ്റ് സിനിമകളുടെ പരന്പര സൃഷ്ടിച്ചു. ന്യൂഡൽഹി, സംഘം, നായർസാബ്, നന്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വന്പൻ ഹിറ്റുകളും അദ്ദേഹം ഒരുക്കി. മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്തു. ‘മനു അങ്കിൾ’ കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
അന്തരിച്ച നടൻ ജോസ് പ്രകാശിന്റെ സഹോദരീ പുത്രനാണ് ഡെന്നീസ് ജോസഫ്. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഒൗസേപ്പച്ചൻ.
ഡെന്നീസ് ജോസഫ് അന്തരിച്ചു
01:06 AM May 11, 2021 | Deepika.com