കൊച്ചി: കോവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ലാബുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് മുഖേന മാര്‍ക്കറ്റ് സര്‍വേയും പഠനവും നടത്തിയാണു നിരക്ക് കുറച്ചതെന്നു വിലയിരുത്തിയ ജസ്റ്റീസ് എന്‍. നഗരേഷ് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
65 അംഗീകൃത ലാബുകളില്‍ പത്തു ലാബുടമകള്‍ മാത്രമാണ് ഉത്തരവിനെ എതിര്‍ക്കുന്നതെന്നും ഡിഡിആര്‍സി ഉള്‍പ്പെടെയുള്ള ലാബുകള്‍ സര്‍ക്കാര്‍ നിരക്കില്‍ ടെസ്റ്റ് നടത്തുന്നുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. എജി രഞ്ജിത്ത് തമ്പാന് വ്യക്തമാക്കി. ഹരിയാന, തെലുങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ടെസ്റ്റിന് 500 രൂപയാണെന്നും, ഒഡീഷയില്‍ 400 രൂപയാണെന്നും വിശദീകരിച്ചു.
ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്താന്‍ 135 രൂപ മുതല്‍ 240 രൂപ വരെയാണ് ചെലവ്. 448.20 രൂപ നിരക്കില്‍ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റ് നടത്താന്‍ സ്വകാര്യ ലാബുകള്‍ കരാറെടുത്തതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചത്.
ആര്‍ടി-പിസിആര്‍ നിരക്ക് 1,700 രൂപയില്‍നിന്ന് 500 രൂപയാക്കി സര്‍ക്കാര്‍ ഏപ്രില്‍ 30 ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ തിരുവനന്തപുരത്തെ ദേവി സ്കാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുടമകളാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച് ഉത്തരവിറക്കിയതെന്നും തങ്ങളുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായി നിരക്കു കുറച്ചത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
നിരക്ക് കുറച്ച ഉത്തരവു പാലിക്കാത്ത ലാബുകള്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കുമെന്ന ഉത്തരവു സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതു പിന്നീടു പരിഗണിക്കാമെന്നു സിംഗിള്‍ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കി.
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനു സ്റ്റേ ഇല്ല; സ്വകാര്യ ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി
01:48 AM May 08, 2021 | Deepika.com