ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ(50) സാന്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിൽ. ശ്രീവത്സം എന്ന വ്യവസായ ഗ്രൂപ്പിന്റെ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് ആണ് പാലക്കാട്ടുനിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽനിന്നും പണംവാങ്ങി തട്ടിപ്പു നടത്തിയെന്നാണു പരാതി. എട്ടുകോടി രൂപയാണ് ഈ വ്യവസായ ഗ്രൂപ്പിൽ നിന്നു വാങ്ങിയത്. എന്നാൽ സിനിമ നിർമിക്കുന്നതു സംബന്ധിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പലതവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാതിരുന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തള്ളിയതോടെ യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽനിന്നുമാണ് ആലപ്പുഴ ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോൻ നേരത്തെ എം.ടിയുമായും തിരക്കഥ സംബന്ധിച്ചു കേസുണ്ടായിരുന്നു. രണ്ടാമൂഴം എന്ന നോവലിന്റെ തിരക്കഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എം.ടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചത്.
ഒടുവിൽ ഈ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ 2019-ൽ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു.
സാന്പത്തികതട്ടിപ്പു കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
01:14 AM May 08, 2021 | Deepika.com