തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം, ദീപം തെളിച്ച് ആഘോഷിച്ച് ഇടതു നേതാക്കളും പ്രവർത്തകരും. രാത്രി ഏഴിന് എല്ലാവരും വീടുകളിൽ ദീപം തെളിയിച്ച് ആഘോഷിക്കണമെന്നാണ് എൽഡിഎഫ് ആഹ്വാനം ചെയ്തിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങൾക്കൊപ്പം ഏഴിന് ക്ലിഫ് ഹൗസിൽ മെഴുകുതിരി തെളിച്ച് വിജയ ദിനാഘോഷത്തിൽ പങ്കാളിയായി. എകെജി സെന്ററിൽ ദീപം തെളിച്ചതിനൊപ്പം വെടിക്കെട്ടും നടത്തി. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള, കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ എകെജി സെന്ററിലെ വിജയ ദിനാഘോഷത്തിൽ പങ്കെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും പിബി അംഗം കോടിയേരി ബാലകൃഷ്ണനും കുടുംബസമേതം ദീപം തെളിച്ച് ആഘോഷത്തിൽ പങ്കു ചേർന്നു.
സിപിഐ ജില്ലാ കമ്മിറ്റി ഓഫീസായ പികെവി സ്മാരകത്തിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ദീപം തെളിച്ചു. മധുരം വിതരണം ചെയ്തും പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകരും ആഹ്ളാദം പങ്കിട്ടു.
എൽഡിഎഫ് വിജയ ദിനം ആഘോഷിച്ചു
01:14 AM May 08, 2021 | Deepika.com