മുക്കം(കോഴിക്കോട്): മുഴുവൻ ഓക്സിജൻ സിലിണ്ടറുകളും നിറച്ചു വയ്ക്കാൻ സംസ്ഥാനത്തെ അഗ്നിരക്ഷാ നിലയങ്ങൾക്കു ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയുടെ നിർദേശം. ഓരോ നിലയത്തിലും പുതുതായി ലഭ്യമായ ബി എ സെറ്റ് സ്പേർ സിലിണ്ടറുകൾക്കു പുറമേ സ്കൂബ സെറ്റ്, ഹ്യുമാനിറ്ററി ബാഗ് എന്നീ സിലിണ്ടറുകളിലും മെഡിക്കൽ ഓക്സിജൻ നിറച്ചുവച്ച് അടിയന്തര സാഹചര്യങ്ങളിൽ വിതരണം ചെയ്യാൻ പറ്റിയ രീതിയിൽ തയാറാക്കി വയ്ക്കണമെന്നാണു നിർദേശം. കേരളത്തിൽ കോവിഡ് രോഗികൾ വർധിക്കുകയും കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ആവശ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണു ഫയർഫോഴ്സ് മേധാവി സംസ്ഥാനത്തെ മുഴുവൻ നിലയങ്ങൾക്കും അടിയന്തര നിർദേശം നൽകിയത്.
സർക്കാർ ആശുപത്രികൾ ആവശ്യപ്പെടുന്നതിനനുസരിച്ച് നിറച്ചുവച്ച ഓക്സിജൻ സിലിണ്ടറുകൾ അവർക്ക് നൽകണമെന്നും ശേഷം കാലിയായ സിലിണ്ടറുകൾ ഇത്തരത്തിൽ അടിയന്തരമായി നിറച്ച് വീണ്ടും സജ്ജമാക്കണമെന്നും മേധാവി നിർദേശിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലെയും ഫില്ലിംഗ് കേന്ദ്രങ്ങളിലെത്തി ഇന്നലെതന്നെ സംസ്ഥാനത്തുടനീളമുള്ള അഗ്നിരക്ഷാ നിലയങ്ങൾ സിലിണ്ടറുകളിൽ മെഡിക്കൽ ഓക്സിജൻ നിറച്ചു.
ആശുപത്രികൾക്ക് അഗ്നിരക്ഷാസേന ഓക്സിജൻ നൽകും
01:25 AM May 07, 2021 | Deepika.com