ചങ്ങനാശേരി: മറാത്താ സംവരണകേസിലെ സുപ്രീംകോടതിവിധി മുന്നാക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള സംവരണത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഈ കേസിൽ മഹാരാഷ്ട്ര സർക്കാർ മറാഠി സമുദായത്തിന് പിന്നാക്കക്കാർക്കുള്ള സംവരണം നല്കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായപ്രകടനങ്ങൾ മുന്നാക്കത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്ന് അദ്ദേ ഹം പറഞ്ഞു.
ഇന്ദിരാ സാഹ്നി കേസിൽ സുപ്രീംകോടതിയുടെ 11 അംഗ ബഞ്ച് വിലയിരുത്തിയത്, ഭരണഘടന അനുഛേദം 16(4)-ൽ വിവക്ഷിക്കുന്ന സംവരണത്തോത് 50 ശതമാനം ആയി നിജപ്പെടുത്തണമെന്നുള്ള 1963-ലെ എം.ആർ. ബാലാജി മൈസൂർ സംസ്ഥാനം എന്ന കേസിലെ വിധി തുടരണോ വേണ്ടയോ എന്നതാണ്. എം.ആർ. ബാലാജി മൈസൂർ സംസ്ഥാനം കേസിലെ വിധി പുനഃപരിശോധിക്കേണ്ട ആവശ്യം ഇല്ലെന്നും അനുഛേദം 16(4)-ൽ ഉള്ള സംവരണത്തോത് 50 ശതമാനത്തിൽ കൂടരുത് എന്നും ഇന്ദിരാ സാഹ്നി കേസിൽ സുപ്രീംകോടതി അർഥശങ്കയ്ക്ക് ഇടയില്ലാതെപറഞ്ഞു.
എം.ആർ. ബാലാജി മൈസൂർ സംസ്ഥാനം കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ഇന്ദിരാസാഹ്നി കേസിൽ പ്രഖ്യാപിച്ച 50 ശതമാനം എന്ന സംവരണത്തോത് അതേപടിതുടരണോ വേണ്ടയോ എന്നാണ് മറാത്താ കേസിൽ ഭരണഘടനാബഞ്ച് പരിശോധിച്ചത്.
ഇപ്പോൾ, ഇന്ദിരാ സാഹ്നി കേസിൽ തീർപ്പുകല്പിച്ച ഭരണഘടനാ അനുഛേദം16(4)ൽ വിവക്ഷിക്കുന്ന സംവരണത്തോത് 50 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നാക്കത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണം 103-ാം ഭരണഘടനാഭേദഗതിപ്രകാരം ഭരണഘടനാ അനുഛേദം 15(6) ആയിട്ടും 16(6) ആയിട്ടും ആണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ അനുഛേദം 15(6), 16(6) എന്നിവ ഇപ്പോഴത്തെ മറാത്താ കേസിൽ പരാമർശവിധേയമായിട്ടില്ല.
1 03-ാം ഭരണഘടനാഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജ സുപ്രീംകോടതി സ്റ്റേ അനുവദിക്കാതെ നിരാകരിച്ചിട്ടുള്ളതും ഇപ്പോൾ ആ കേസ് ഭരണഘടനാ ബെഞ്ചിനു മുന്പിൽ ഉള്ളതുമാണ്. മുന്നാക്കത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണവും പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണവും വ്യത്യസ്ത ഭരണഘടനാ അനുഛേദങ്ങളിലാണ് വിവക്ഷിച്ചിട്ടുള്ളത്. അതിനാൽ, ഭരണഘടനാ അനുഛേദം 16(4)-ൽ ഉള്ള വിധി മുന്നാക്കത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണത്തെ യാതൊരു തരത്തിലും ബാധിക്കുകയില്ലെന്നും എൻഎസ്എസ് ജനറൽസെക്രട്ടറി പറഞ്ഞു.
സുപ്രീംകോടതി വിധി മുന്നാക്കസംവരണത്തെ ബാധിക്കുകയില്ല: സുകുമാരൻ നായർ
01:59 AM May 06, 2021 | Deepika.com